Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഇക്ക് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

cse-indira-peace-prize

ന്യൂഡൽഹി∙ സമാധാനം, നിരായുധീകരണം, സുസ്ഥിര വികസനം എന്നീ രംഗത്ത് ലോകത്തിനു സമഗ്ര സംഭാവന നൽകുന്ന  സംഘടനകൾക്കും വ്യക്തികൾക്കും നൽകി വരുന്ന ഇന്ദിരാഗാന്ധി രാജ്യാന്തര പുരസ്കാരം ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്.

നാലു പതിറ്റാണ്ടായി ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിനും വായുമലിനീകരണം തടയുന്നത് അടക്കം ഹരിത ജീവിത മാതൃകകൾ പ്രചരിപ്പിക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരമെന്ന്  ജൂറി ചെയർമാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു.

മിഖായേൽ ഗോർബചേവ്, നോർവേ പ്രധാനമന്ത്രി ബ്രണ്ട്ലാൻഡ്, യുനിസെഫ്, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് വക്ലാവ് ഹവേൽ, യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, യുഎൻ സെക്രട്ടറി ജനറൽ കോഫ് അന്നാൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഐഎസ്ആർഒ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയ വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഇതിനു മുമ്പ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Sunita Narain സിഎസ്ഇ മേധാവി സുനിതാ നാരായൺ.

30 വർഷമായി ഈ പുരസ്കാരം നൽകി വരുന്നു. ഇന്ത്യയെ പാരിസ്ഥിതികമായി സുസ്ഥിരവികസനത്തിന്റെ പാതയിലേക്ക് കൈപിടിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരത്തിനു മുന്നിൽ വിനയാന്വിതരാകുന്നുവെന്ന് സിഎസ്ഇ മേധാവി സുനിതാ നാരായൺ പറഞ്ഞു. കൂടുതൽ വിഭജിതവും അസ്ഥിരവുമാകുന്ന ലോകത്ത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഉയർന്നു വരേണ്ടതെന്ന് പുരസ്കാരം സ്വീകരിച്ച് സുനിത കൂട്ടിചേർത്തു.

1980 ൽ അനിൽ അഗർവാളിന്റെ നേതൃത്വത്തിൽ തുടക്കമിട്ട സിഎസ്ഇ വായുമലിനീകരണം തടയുന്നതിനും ജലസംരക്ഷണത്തിനും ഭക്ഷണങ്ങളിലെ മായത്തിനെതിരെ പോരാടുന്നതിലും കോളവിരുദ്ധസമരങ്ങളിലും ഉൾപ്പെടെ പങ്കെടുത്ത് രാജ്യത്ത് പല നിർണായക മാറ്റങ്ങളും കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.