Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡമാൻ ദ്വീപിലേക്കുപോയ യുഎസ് പൗരൻ അമ്പേറ്റു മരിച്ചു

Centinel-Island സെന്റിനൽ ദ്വീപ്

ന്യൂഡൽഹി ∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഒറ്റപ്പെട്ട ഉത്തര സെന്റിനൽ ദ്വീപിൽ പ്രവേശിച്ച യുഎസ് പൗരൻ ദ്വീപുവാസികളായ സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ടു. ജോൺ അലൻ ചൗ (27) വിന്റെ മൃതദേഹം മൽസ്യത്തൊഴിലാളികൾ കണ്ടുവെങ്കിലും വീണ്ടെടുക്കാനായിട്ടില്ല.ദ്വീപിലേക്കു പോകാൻ ജോൺ അലനെ സഹായിച്ച 7 മൽസ്യത്തൊഴിലാളികൾ അറസ്റ്റിലായിട്ടുണ്ട്. യുവാവിനെ കാണാതായതായി യുഎസ് കോൺസുലേറ്റ് അധികൃതരും സ്ഥിരീകരിച്ചു.

തീരത്തിറങ്ങിയ അലനു നേർക്ക് അമ്പുകൾ പാഞ്ഞു വന്നെന്നും അമ്പേറ്റിട്ടും യുവാവ് നടന്നതായും മൽസ്യത്തൊഴിലാളികൾ പൊലീസിനോടു പറഞ്ഞു.

John-Allen-Chau-American-Tourist ജോൺ അലൻ ചൗ

ജോൺ അലൻ ചൗ മുൻപ് 5 വട്ടം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ചിട്ടുള്ളതായി പോർട്ട് ബ്ലയറിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെന്റിനലി ഗോത്രക്കാരെ നേരിൽ കാണാനായി 16നു അലൻ മീൻപിടിത്തബോട്ട് വാടകയ്ക്കെടുത്ത് ദ്വീപിനു സമീപമെത്തി. ചുറ്റും പവിഴപ്പുറ്റുകൾ ഉള്ളതിനാൽ തീരത്തേക്കു ബോട്ട് അടുപ്പിക്കാനായില്ല. തുടർന്നു ചെറുവള്ളത്തിലാണു ദ്വീപിലേക്കു പോയത്. കഴിഞ്ഞ 14നും അലൻ ദ്വീപിലേക്കു പോകാൻ ശ്രമിച്ചെങ്കിലും അന്നു വിജയിച്ചില്ല.

വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തിന്റെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിനു ചുറ്റുമുള്ള 3 കിലോമീറ്റർ നിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സമീപകാലത്തു കേന്ദ്രസർക്കാർ ഈ നിയമം ഇളവു ചെയ്തിരുന്നു. ഇതു പ്രകാരം മേഖലയിലെ സെന്റിനൽ അടക്കം 28 ദ്വീപുകളിൽ പ്രവേശിക്കാൻ വിദേശികൾക്കു സർക്കാർ അനുമതി വേണ്ട.

ആൻഡമാനിലെ അപകടദ്വീപ്

ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ  പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന്  2011ലെ സെൻസസ് കണക്ക് പറയുന്നു. 

Andaman-Island

ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.

related stories