Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിശാലസഖ്യ സർക്കാർ’ നീക്കം പൊളിച്ചു; കശ്മീർ നിയമസഭ പിരിച്ചുവിട്ടു

Satya-Pal-Malik ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്

ശ്രീനഗർ ∙ നാഷനൽ കോൺഫറൻസിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ ജമ്മു കശ്മീരിൽ മന്ത്രിസഭ രൂപീകരിക്കാൻ പിഡിപി അവകാശവാദമുന്നയിച്ചതിനു പിന്നാലെ ഗവർണർ നിയമസഭ പിരിച്ചുവിട്ടു. 

87 അംഗ നിയമസഭയിൽ 65 എംഎൽഎമാരുള്ള ത്രികക്ഷി സഖ്യം സർക്കാർ രൂപീകരിക്കുമെന്ന ഘട്ടത്തിലാണ്, ഗവർണർ സത്യപാൽ മാലിക്കിന്റെ നാടകീയ നടപടി. 

പിഡിപി സഖ്യത്തിൽനിന്ന് ബിജെപി പിന്മാറിയതോടെ ജൂൺ 19 മുതൽ കശ്മീരിൽ ഗവർണർ ഭരണമായിരുന്നു. 

പിഡിപിയുടെ അൽത്താഫ് ബുഖാരി ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു കരുതിയിരുന്നത്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി അവകാശവാദമുന്നയിച്ചതിനു തൊട്ടു പിന്നാലെ, 2 എംഎൽഎമാരുള്ള പിപ്പീൾസ് കോൺഫറൻസിന്റെ നേതാവ് സജ്ജാദ് ഗനി ലോൺ ബിജെപി പിന്തുണയോടെ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പിഡിപി പിളർത്തുക എന്ന ലക്ഷ്യം ലോണിലൂടെ പ്രാവർത്തികമാക്കുകയായിരുന്നു ബിജെപിയുടെ നോട്ടം.  പിഡിപിയിലെ ചില എംഎൽഎമാരുമായി ലോൺ ചർച്ചനടത്തി വരികയായിരുന്നു. 

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് കശ്മീരിൽ വിശാല സഖ്യം രൂപപ്പെടാനുള്ള വഴിയൊരുങ്ങിയത്.  

അൽത്താഫ് ബുഖാരി ഇന്നലെ നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷൻ ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി. സിപിഎമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാനത്തു പാർട്ടിയുടെ ഏകഎംഎൽഎയുമായ എം.വൈ. തരിഗാമിയും ഒമറിനെ കണ്ട് സഖ്യത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പിഡിപിയെ പിന്തുണയ്ക്കാമെന്നു നാഷനൽ കോൺഫറൻസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതു നിരസിച്ച പിഡിപി, ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കി. 4ാം വർഷം സഖ്യം തകർന്നു.