Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടൽ കേസുകൾ തള്ളണമെന്ന സൈനികരുടെ ഹർജികൾ തള്ളി

India Kashmir Protest

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലും മണിപ്പുരിലും സൈനികർക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു 300 കരസേനാ ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. സായുധസേനയ്ക്കു പ്രത്യേക അധികാരങ്ങൾ നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട് (അഫ്സ്പ) നിലവിലുള്ള ഈ സംസ്ഥാനങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന നടപടികളുടെ പേരിലാണു സൈനികർ‌ക്കെതിരെ കേസുകൾ റജിസ്ട്രർ ചെയ്തത്.

സൈനികരുടെ ഹർജിയെ പിന്തുണച്ച കേന്ദ്രസർക്കാർ, ഭീകരതയ്ക്കെതിരെ പോരാടുന്ന സൈനികരുടെ മനോവീര്യം തകർക്കുന്നതാണു കേസുകളെന്നു വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സൈനിക ഏറ്റുമുട്ടലിനിടെയായാലും മനുഷ്യജീവൻ നഷ്ടമായാൽ അതു പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നു ജസ്റ്റിസ് മദൻ ബി ലോക്കൂർ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സൈന്യത്തിന് അമിതാധികാരം പ്രയോഗിക്കാൻ അവകാശമില്ല.

സൈനികൻ പരിധി വിട്ടാൽ കേന്ദ്രസർക്കാർ ഇടപെടുക തന്നെ വേണം. സംഘർഷമേഖലയിലെ സൈനികരുടെ ജോലി തികച്ചു വ്യത്യസ്തമായ സാഹചര്യത്തിലാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ‘ഭീകരതയ്ക്കെതിരെ പോരാടുന്ന സൈനികരുടെ കൈകൾ വിറയ്ക്കാതിരിക്കാൻ’ ഒരു പൊതു പ്രവർത്തന സംവിധാനം ഉണ്ടാക്കിയെടുക്കാൻ ഹർജികൾ കോടതിയിൽ ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഒരു പ്രവർത്തനസംവിധാനം ഉണ്ടാക്കിയെടുക്കേണ്ടതു കോടതിയല്ല സർക്കാരാണെന്നു ബെഞ്ച് മറുപടി നൽകി.

‘ആരാണു സർക്കാരിനെ തടയുന്നത്? എന്തിനാണു കോടതിയുടെ ഇടപെടൽ? ഈ പ്രശ്നങ്ങൾ നിങ്ങളാണു ചർച്ച ചെയ്യേണ്ടത്, കോടതിയല്ല’–ബെഞ്ച് ചൂണ്ടിക്കാട്ടി. സൈനിക നിയമപ്രകാരം പോലും കുറ്റാരോപിതർക്കെതിരെ നടപടി എടുക്കാതിരുന്ന സാഹചര്യത്തിൽ അന്വേഷണം പാടില്ലെന്നു വാദിക്കാനാവില്ല. മണിപ്പുരിൽ സൈന്യം ഉൾപ്പെട്ട ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ സിബിഐക്കു കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈനികർക്കു നിയമപരിരക്ഷ നൽകുന്ന നിയമമാണ് അഫ്സ്പ. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും തിരച്ചിൽ നടത്താനും ഈ നിയമം സൈന്യത്തിന് അധികാരം നൽകുന്നു.