Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മോസ് മിസൈൽ, കവചിത വാഹനങ്ങൾ: 3000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

BrahMos-cruise

ന്യൂഡൽഹി∙ 3,000 കോടി രൂപ ചെലവിൽ നാവികസേനയ്ക്ക് ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈലുകളും കരസേനയ്ക്കു കവചിത വാഹനങ്ങളും വാങ്ങാൻ പ്ര‌തിരോധ മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് പ്രോക്യുർമെന്റ് കൗൺസിലാണു കര, നാവികസേനകളുടെ നിർദേശത്തിന് അംഗീകാരം നൽകിയത്. 

7,000 കോടി രൂപ ചെലവിട്ടു വാങ്ങുന്ന 2 നാവികസേനാ കപ്പലുകളിലാണു തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ വിന്യസിക്കുക. ഇവയുടെ പുതിയ പതിപ്പ് ഈയിടെ വിജയകരമായി പരീക്ഷിച്ചിരുന്നു. കരസേനയുടെ അർജുൻ ടാങ്കുകൾക്കു വേണ്ടിയാണു കവചിതവാഹനങ്ങൾ. പ്രതിരോധ ഗവേഷണകേന്ദ്രം വിക‌സിപ്പിച്ച കവചിതവാഹനങ്ങളും ത‌ദ്ദേശീയമായാണു നിർമിക്കുക. 

വ്യോമപ്രതിരോധത്തിൽ വിദേശി – സ്വദേശി മിസൈലുകളുടെ സംഗമമൊരുക്കാനും ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ട്. റഷ്യയിൽനിന്നു വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനം അതിർത്തിമേഖലകളിൽ കാവലൊരുക്കുമ്പോൾ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈൽവേധ സംവിധാനം (ശത്രുവിന്റെ മിസൈലുകൾ തകർക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ) വൻനഗരങ്ങളിൽ വിന്യസിക്കുന്നതാണു പദ്ധതി. 

വൻ നഗരങ്ങളിൽ പ്രോഗ്രാം എഡി

ഡിആർഡിഒയുടെ ‘പ്രോഗ്രാം എഡി’ എന്ന കോഡ് നാമമുള്ള പദ്ധതിയിലൂടെയാണു ദീർഘ – ഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനം  വൻ നഗരങ്ങളിൽ നടപ്പാക്കുക. പൃഥ്വി എയർ ഡിഫൻസ് (ദീർഘദൂരം), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (ഹ്രസ്വദൂരം) എന്നിവ ഉൾപ്പെട്ട മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്കു വ്യോമപ്രതിരോധമൊരുക്കും.