Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനും സോണിയയ്ക്കും തിരിച്ചടി ; ആദായനികുതി പുനഃപരിശോധനയാവാം

Rahul Gandhi, Sonia Gandhi രാഹുൽ ഗാന്ധി, സോണിയ ഗാന്ധി

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭാംഗം ഓസ്കർ ഫെർണാണ്ടസ് എന്നിവരുടെ 2011–12 ലെ ആദായ നികുതി വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നതു തുടരാൻ ആദായ നികുതി വകുപ്പിന് സുപ്രീം കോടതി അനുമതി നൽകി. എന്നാൽ, പരിശോധനയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ കോടതി തൽക്കാലത്തേക്കു വിലക്കി. ആദായ നികുതി വകുപ്പിന് നികുതി വിവരങ്ങൾ പരിശോധിക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ രാഹുലും മറ്റും നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിന്റെ നടപടി.

കേസ് അടുത്ത മാസം 8നു വീണ്ടും പരിഗണിക്കും. നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേർണൽസ് (എജെഎൽ)എന്ന കമ്പനിയുടെ ഓഹരികൾ 2010 ൽ യങ് ഇന്ത്യൻ എന്ന കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയതാണ് കേസിലെ അടിസ്ഥാന ഹർജി. രാഹുലും സോണിയയും മറ്റും ഓഹരി ഉടമകളായ യങ് ഇന്ത്യൻ, കോൺഗ്രസ് പാർട്ടിയിൽനിന്നു പലിശ രഹിത വായ്പയായി ലഭിച്ച 90 കോടി രൂപ ഉപയോഗിച്ചാണ് എജെഎൽ ഏറ്റെടുത്തതെന്നാണ് സ്വാമിയുടെ ആരോപണം.

രാഹുലും മറ്റും 2011–12 ലെ നികുതി വിവരങ്ങളിൽ യങ് ഇന്ത്യന്റെ ഓഹരി മൂല്യം ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. രാഹുലിന്റെ ആദായമായി 68 ലക്ഷം രൂപയാണ് കണക്കാക്കിയതെന്നും യങ് ഇന്ത്യന്റെ ഓഹരികളുടെ മൂല്യം കൂടി കണക്കിലെടുത്താൽ അത് 154 കോടിയാണെന്നും നികുതി വകുപ്പ് വാദിക്കുന്നു.