Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസിഒമാർക്ക് പ്രത്യേക വേതനം കൂട്ടില്ലെന്ന് കേന്ദ്രം; വൻ അമർഷം

army പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാർ ഉൾപ്പെടെ (ജെസിഒ) വിവിധ സേനകളിലെ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക സേവന വേതനം (മിലിട്ടറി സർവീസ് പേ – എംഎസ്പി) ഉയർത്തണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. നടപടിയിൽ അമർഷം രേഖപ്പെടുത്തിയ സേനകൾ വിഷയം ഭരണതലത്തിൽ ഉന്നയിച്ചേക്കും. സേനയും സർക്കാരും തമ്മിൽ വടംവലിക്കു വഴിവച്ചേക്കാവുന്ന നടപടി 1.13 ലക്ഷം സേനാംഗങ്ങൾക്കു തിരിച്ചടിയാകും. 87,646 ജെസിഒമാരാണു കരസേനയിലുള്ളത്. നാവിക, വ്യോമ സേനകളിലായി തുല്യ റാങ്കുകളിലുള്ള 25,434 പേരുണ്ട്. ഇവർക്കുള്ള പ്രതിമാസ സേവന വേതനം 5500 രൂപയിൽ നിന്ന് 10,000 ആക്കി ഉയർത്തണമെന്നായിരുന്നു ആവശ്യം. സർക്കാരിന് 610 കോടി രൂപ അധിക ചെലവ് വരുമെന്നു കണക്കാക്കിയാണ് ആവശ്യം നിരസിച്ചതെന്നാണു വിവരം.

2 വിഭാഗക്കാർക്കാണു സേവന വേതനം നിലവിൽ നൽകുന്നത് – ലഫ്റ്റനന്റ് മുതൽ ബ്രിഗേഡിയർ റാങ്ക് വരെയുള്ള ഓഫിസർമാരാണ് ആദ്യ വിഭാഗം.  ജെസിഒ, ജവാൻമാർ എന്നിവരുൾപ്പെട്ടതാണു രണ്ടാം വിഭാഗം. ആറാം ശമ്പള കമ്മിഷനാണ് സേവന വേതനം ആദ്യം അവതരിപ്പിച്ചത്. ഏഴാം ശമ്പള കമ്മിഷൻ ആദ്യ വിഭാഗക്കാർക്കുള്ള വേതനം 15,500 ആയി നിശ്ചയിച്ചു. രണ്ടാം വിഭാഗക്കാർക്ക് 5500 രൂപയും.

ജവാൻമാരെക്കാൾ കൂടുതൽ സേവന കാലാവധിയും ഗസറ്റഡ് റാങ്കുമുള്ള ജെസിഒമാരെ പ്രത്യേക വിഭാഗമായി കണക്കാക്കി വേതനം ഉയർത്തണമെന്നായിരുന്നു സേനകളുടെ ആവശ്യം.
3 സേനകളുടെ മേധാവികളും പ്രതിരോധ മന്ത്രാലയവും ഇക്കാര്യത്തിൽ ഒന്നിച്ചു നിന്നെങ്കിലും ആവശ്യം ധനമന്ത്രാലയം തള്ളിയതോടെ വരുംദിവസങ്ങളിൽ വിഷയം ഭരണ – സേനാ തലങ്ങളിൽ ചൂടേറിയ ചർച്ചയാകും. 2017 നവംബറിലാണു ജെസിഒമാരെ ഗസ്റ്റഡ് ഉദ്യോഗസ്ഥരായി ഉയർത്തിയത്.

ജെസിഒ ഉദ്യോഗസ്ഥർ

സുബേദാർ മേജർ, സുബേദാർ, നായിബ് സുബേദാർ എന്നിരാണു കരസേനയിൽ ജെസിഒ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ. നാവികസേനയിൽ മാസ്റ്റർ ചീഫ് പെറ്റി ഓഫിസർ (ഫസ്റ്റ്, സെക്കൻഡ് ക്ലാസ്), ചീഫ് പെറ്റി ഓഫിസർ എന്നിവരും വ്യോമസേനയിൽ മാസ്റ്റർ വാറന്റ് ഓഫിസർ, വാറന്റ് ഓഫിസർ, ജൂനിയർ വാറന്റ് ഓഫിസർ എന്നിവരുമാണു ജെസിഒയ്ക്കു തുല്യമായ പദവിയുള്ളവർ.