Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചിറകറ്റ്’ കിടക്കുന്നത് 3 അഗസ്റ്റ ഹെലികോപ്റ്ററുകൾ; എന്തു ചെയ്യണമെന്ന് അറിയാതെ വ്യോമസേന

AgustaWestland

ന്യൂഡൽഹി∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയവേ, തങ്ങളുടെ കൈവശമുള്ള ‘തൊണ്ടിമുതൽ’ എന്തു ചെയ്യണമെന്നറിയാതെ വ്യോമസേന. വിവിഐപികളുടെ യാത്രയ്ക്കായി എത്തിച്ച 3 അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററുകളാണ് പാലം വ്യോമസേനാ താവളത്തിലെ രഹസ്യകേന്ദ്രത്തിൽ 6 വർഷമായി വെറുതെ കിടക്കുന്നത്. 

900 കോടി രൂപ മൂല്യമുള്ള അത്യാധുനിക ഹെലികോപ്റ്ററുകൾ ഉപയോഗശൂന്യമായി കിടക്കുമ്പോൾ, റഷ്യൻ നിർമിത എംഐ 17വി 5 ആണ് വിവിഐപികളുടെ യാത്രയ്ക്കായി നിലവിൽ ഉപയോഗിക്കുന്നത്.ഇടപാടു റദ്ദാക്കിയതോടെ, കൈവശമുള്ള അഗസ്റ്റ ഹെലികോപ്റ്ററുകൾ പിടിച്ചുവയ്ക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. 12 ഹെലികോപ്റ്ററുകൾക്കുള്ള ഇടപാടിലെ ആദ്യ മൂന്നെണ്ണമാണ് 2012 ഡിസംബർ – 2013 ജനുവരി കാലയളവിൽ ഇന്ത്യയിലെത്തിയത്. അവ സേനയുടെ ഭാഗമാക്കാനുള്ള നടപടി പുരോഗമിക്കവേയാണ് കോഴ ആരോപണം ഉയർന്നത്.ഹെലികോപ്റ്ററുകൾ അതോടെ ചിറകറ്റു വീണു. 

കസ്റ്റഡിയിലുള്ള ഹെലികോപ്റ്ററുകൾ എന്തു ചെയ്യണമെന്നു ധാരണയില്ലെന്നും തൽക്കാലം രഹസ്യമായി സൂക്ഷിക്കാനാണു തീരുമാനമെന്നും സേനാവൃത്തങ്ങൾ പറഞ്ഞു. 

സേനയുടെ എംഐ 17 കോപ്റ്ററുകളിൽ ഏതാനും ചിലത് വിഐപി സുരക്ഷയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്താണ് ഉപയോഗിക്കുന്നത്. റഷ്യയിൽ നിന്ന് 80 എംഐ 17 ഹെലികോപ്റ്ററുകൾ വാങ്ങാൻ 200 8ൽ കരാറുണ്ടാക്കിയിരുന്നു. അഗസ്റ്റ ഇടപാട് വഴിമുട്ടിയതോടെ, 2014 ൽ അവയിൽ ഏതാനും എണ്ണം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുൾപ്പെടുത്തി പരിഷ്കരിക്കാൻ ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുമായി (എസ്പിജി) ആലോചിച്ച ശേഷമാണ് വിഐപി യാത്രയ്ക്ക് എംഐ 17 കോപ്റ്ററുകൾ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.