Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുലന്ദ്ശഹർ കലാപം: ഡൽഹിയിൽ നരേന്ദ്ര മോദി– യോഗി ആദിത്യനാഥ് ചർച്ച

Narendra-Modi--Yogi-Adityanath നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്(ഫയൽ ചിത്രം).

ലക്‌നൗ∙ ബുലന്ദ്ശഹറിലെ ആൾക്കൂട്ട കലാപത്തോട് ഉത്തർപ്രദേശ് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനത്തിനിടെ, കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. സുബോധിന്റെ ഭാര്യ, 2 ആൺമക്കൾ, സഹോദരി എന്നിവർ ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണു കൂടിക്കാഴ്ച നടത്തിയത്.

നീതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഇൻസ്പെക്ടറുടെ മകൻ ശ്രേയ് പ്രതാപ് സിങ് പ്രതികരിച്ചു. ഇൻസ്പെക്ടറുടെ 2 മക്കളുടെയും പഠനം തുടരാൻ സർക്കാർ സഹായമുണ്ടാകും. 25–30 ലക്ഷം രൂപ വരുന്ന ഭവന, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവും സർക്കാർ ഏറ്റെടുത്തു.

വൈകിട്ടു ഡൽഹിയിലെത്തിയ ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം ചർച്ച ചെയ്തു.

പൊലീസ് ഇൻസ്പെക്ടറും ഇരുപതുവയസുകാരനും കൊല്ലപ്പെടാനിടയാക്കിയ കലാപം നടന്നു 3 ദിവസം കഴിഞ്ഞിട്ടും അതേപ്പറ്റി സംസാരിക്കാത്ത മുഖ്യമന്ത്രി, സുരക്ഷാ യോഗത്തിൽ ഗോവധത്തിനു പിന്നിലുള്ളവരെ അടിയന്തരമായി കണ്ടെത്തണമെന്ന നിലപാടു സ്വീകരിച്ചത് വിമർശനമുയർത്തി.

കൊലപാതകങ്ങളിൽ ഗൗരവമായ അന്വേഷണം നടക്കുന്നില്ലെന്നു ഇരകളുടെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. അതിനിടെ, കലാപക്കേസിലെ മുഖ്യപ്രത്രി ബജ്റങ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് (27) പിടിയിലായെന്ന് അഭ്യൂഹമുണ്ട്. ഒളിവിലുള്ള ഇയാൾ താൻ നിരപരാധിയാണെന്നു വാദിച്ചു കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടിരുന്നു.

എൽഎൽബി വിദ്യാർഥിയായ ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അതിനിടെ, ഈ കേസിൽ പൊലീസ് തിരയുന്ന പ്രാദേശിക ബിജെപി നേതാവ് ശിഖർ അഗർവാളും താൻ നിരപരാധിയാണെന്ന വിഡിയോ സന്ദേശം പുറത്തുവിട്ടു.

ഇൻസ്പെക്ടർ സുബോധ് കുമാറാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും വിഡിയോയിൽ ആരോപിക്കുന്നു.

Buland-shahr-murder യോഗേഷ് രാജ്

ഗോഹത്യ: യോഗേഷിന്റെ മൊഴികളിൽ വൈരുദ്ധ്യം

ലക്നൗ ∙ മഹവ് ഗ്രാമത്തിൽ ഗോവധവുമായി ബന്ധപ്പെട്ട ബജ്റങ്ദൾ നേതാവ് യോഗേഷ് രാജ് നൽകിയ മൊഴികളിൽ വൈരുധ്യം. സിയാന പൊലീസ് സ്റ്റേഷനിൽ യോഗേഷ് നൽകിയ പരാതിയിൽ പശുവിനെ കശാപ്പു ചെയ്യുന്നതു താൻ കണ്ടെന്നു പറയുന്നു. എന്നാൽ ഈ വിവരം പ്രവർത്തകർ അറിയിച്ചെന്നാണു കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്.

അക്രമസംഭവങ്ങളുണ്ടായ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണു സിയാന പൊലീസ് സ്റ്റേഷനിൽ യോഗേഷ് പരാതി നൽകിയത്. അയൽഗ്രാമമായ നയാബൻസിലെ 7 പേർ പശുക്കളെ കശാപ്പു ചെയ്യുന്നതു തങ്ങൾ കണ്ടെന്നും പ്രതിഷേധിച്ചതോടെ ഇവർ ഓടിരക്ഷപ്പെട്ടെന്നുമാണു പരാതിയിലുള്ളത്. തങ്ങൾ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടും സ്ഥലത്തെത്തിയതെന്നുമാണു യോഗേഷ് രാജിന്റെ അവകാശവാദം.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസിൽ പരാതി നൽകിയതെന്നു വ്യക്തമാക്കുന്നു. പശുക്കളുടെ ജഡാവശിഷ്ടം കണ്ട സ്ഥലത്തെത്തിയപ്പോൾ പൊലീസും അവിടെയെത്തിയിരുന്നു. തുടർന്നാണു സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നാണ് വിഡിയോസന്ദേശം.

അതേസമയം, സ്ഥലം ഉടമ രാജ് കുമാർ ചൗധരിയാണു പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചതെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 7 നു ഗ്രാമവാസികളിലൊരാളാണു ചൗധരിയുടെ കൃഷിസ്ഥലത്തോടു ചേർന്നു ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആൾക്കൂട്ട കലാപക്കേസിൽ ചൗധരിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് റജിസ്റ്റർ ചെയ്ത ഗോവധക്കേസിന്റെ എഫ്ഐആറിൽ 10, 12 വയസ്സുകാരായ കുട്ടികൾ ഉൾപ്പെട്ടതും വിവാദമായിട്ടുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.