Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ കുഴികൾ: 5 വർഷത്തിനിടെ 15,000 മരണം; അനാസ്ഥ മൂലമുള്ള നരഹത്യയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടെ റോഡിലെ കുഴികളിൽ വീണുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 15,000 പേർക്ക്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. 

ഭീകരാക്രമണം, അതിർത്തിയിലെ ആക്രമണങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. റോഡുകൾ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നു ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. 

സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ റിപ്പോർട്ടിലാണ് 2013 മുതൽ 2017 വരെ കുഴികൾ മൂലം ഉണ്ടായ അപകടങ്ങളിൽ 14,926 പേർ രാജ്യത്തു മരിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമിതി റിപ്പോർട്ട് സംബന്ധിച്ചു പ്രതികരണം ഉടൻ അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം ലഭ്യമല്ലെന്നു റിപ്പോർട്ട് പറയുന്നു. ഇത് തീർച്ചയായും വളരെ വലിയ സംഖ്യ ആയിരിക്കും. മരിച്ചവരുടെ എണ്ണം തന്നെ സർക്കാർ കണക്കാണെന്നും യഥാർഥ സംഖ്യ ഇതിലേറെയാവാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണ് റോഡ് സുരക്ഷ സംബന്ധിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സമിതിയെ ഏർപ്പെടുത്തിയത്. അപകടങ്ങളിൽ മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നു. 

related stories