Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക പ്രതിസന്ധിയും ഭരണവിരുദ്ധവികാരവും; രാജസ്ഥാനിൽ ആരു വാഴും?

Congress,-BJP

രാജസ്ഥാൻ ഇന്നു പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോൾ നിർണായകം കാർഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും. നോട്ടു നിരോധനവും ജിഎസ്ടിയും ചെറുകിട തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രയാസങ്ങളും വോട്ടെടുപ്പിനെ സ്വാധീനിക്കും.

ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്  അധികാരത്തിൽ വരുമെന്നായിരുന്നു തുടക്കത്തിൽ സർവേ ഫലങ്ങൾ. എന്നാൽ വോട്ടെടുപ്പ് തീയതി  അടുത്തതോടെ ഇരുപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടമായി.  

പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ മുഖ്യമന്ത്രി വസുന്ധര രാജെ മാറണമെന്നത് രാജസ്ഥാനിൽ ഉറക്കെ പറഞ്ഞത് ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസുമായിരുന്നു. ബിജെപി കേന്ദ്രനേതൃത്വവും  മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത പ്രകടമായിരുന്നു. ഉൾപ്പോര്  ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ക്ഷീണമായേക്കും.

നരേന്ദ്ര മോദിയും അമിത് ഷായും ഒരു ഡസനിലേറെ കേന്ദ്രമന്ത്രിമാരും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊക്കെ  തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തിരുന്നു.  ആർഎസ്എസും അവസാനഘട്ടത്തിൽ പ്രചാരണത്തിലേക്കു ശക്തമായി തിരിച്ചെത്തിയതാണു ശ്രദ്ധേയം.  

7 ലക്ഷം പ്രവർത്തകരെയാണു ബൂത്തുതലത്തിൽ കാര്യങ്ങൾ നോക്കി നടത്തുന്നതിനു കൃത്യമായ ഉത്തരവാദിത്തം ഏൽപ്പിച്ചു ബിജെപി രംഗത്തിറക്കിയത്. ഒരാൾക്ക് വോട്ടേഴ്സ് ലിസ്റ്റിലെ ഒരു പേജിന്റെ ചുമതല എന്ന കണക്കിലാണു ഉത്തരവാദിത്തം. വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ 10 ലക്ഷം പേരും രംഗത്തുണ്ടാകും.

മറുവശത്തു പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെ കീഴിൽ പ്രവർത്തകരെ സജീവമാക്കാൻ കഴിഞ്ഞതാണു കോൺഗ്രസിന്റെ വലിയ നേട്ടം. വടക്കേ ഇന്ത്യയിൽ സംഘടനാസംവിധാനം സജീവമാക്കി നിർത്താൻ കോൺഗ്രസിനു കഴിഞ്ഞ സംസ്ഥാനമാണിത്.അധികാരത്തിൽ വന്നാൽ 10 ദിവസത്തിനകം കാർഷിക കടാശ്വാസം പ്രഖ്യാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ജനങ്ങളിൽ വലിയ പ്രതികരണമുണ്ടാക്കി. ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ധ്രുവീകരണവും രാജപുത്രർക്കിടയിലെ അതൃപ്തിയും കോൺഗ്രസിന് അനുകൂലമായേക്കും.

ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയെന്ന പേരിൽ 13 ലക്ഷം പേരെയാണു കോൺഗ്രസ് നിയോഗിച്ചത്.  

വാതുവയ്പുകാർ കോൺഗ്രസിനൊപ്പം

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ രാജസ്ഥാനിലെ പ്രമുഖ സാട്ട ബസാറുകളിൽ കോൺഗ്രസിനു വലിയ മുൻതൂക്കമായിരുന്നു. 130 സീറ്റുകളോടെ കോൺഗ്രസ് ജയത്തിനാണു വാതുവയ്പുകാർ സാധ്യത പറഞ്ഞിരുന്നത്. ബിജെപി 54–56 സീറ്റുകൾ വരെയും. ഇപ്പോൾ കോൺഗ്രസിന് 120 വരെ പറയുന്നു.  90 സീറ്റുകൾ കിട്ടിയാൽപ്പോലും  കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്നും അത്തരമൊരവസ്ഥയിൽ സ്വതന്ത്രരുടെ വർധന കോൺഗ്രസിനാകും തുണയാകുകയെന്നും വാതുവയ്പുകാർ കണക്കുകൂട്ടുന്നു.

രാജസ്ഥാനിലെ അനധികൃത വാതുവയ്പു കേന്ദ്രങ്ങളാണു സാട്ട ബസാർ എന്നറിയപ്പെടുന്നത്.  ഐപിഎൽ മൽസരം തുടങ്ങി തിരഞ്ഞെടുപ്പുകൾ വരെ എന്തും ഇവിടെ പന്തയത്തിനുണ്ട്. രാജസ്ഥാനിലെ സിക്കർ, ഫലോദി, ബിക്കാനേർ ജില്ലയിലെ നോഖ എന്നിവ രാജ്യത്തെതന്നെ വലിയ സാട്ട ബസാറുകളിൽപ്പെടും. ഗുജറാത്ത്, കർണാടക തിരഞ്ഞെടുപ്പിൽ മറ്റാരേക്കാൾ കൃത്യമായതും ഇവരുടെ കണക്കുകൾ. മധ്യപ്രദേശിലും കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്നും ഛത്തീസ്ഘട്ടിൽ ഇരുകൂട്ടർക്കും തുല്യ സാധ്യതയെന്നുമാണു വാതുവയ്പുകാർ ഇത്തവണ പറയുന്നത്. 

25 സീറ്റുകളിലെങ്കിലും സ്വതന്ത്രരിലാണു വാതുവയ്പുകാർ വിജയം കാണുന്നത്.  ബിജെപിയും കോൺഗ്രസിലുമായി നാൽപതോളം മുതിർന്ന നേതാക്കൾ റിബലുകളായി മൽസരിക്കാനെത്തിയതാണു ഇതിനു കാരണം.  

കോൺഗ്രസ് 28 റിബലുകളെ പുറത്താക്കിയപ്പോൾ ബിജെപി 11 പേരെയും. 135 സീറ്റുകളിൽ ബിജെപി കോൺഗ്രസ് നേരിട്ടുള്ള പോരാട്ടമാണ്. 35 സീറ്റുകളിൽ ത്രികോണ മൽസരവും. 25 മണ്ഡലങ്ങളിൽ ശക്തനായ നാലാം സ്ഥാനാർഥി പിടിക്കുന്ന വോട്ടുകളും നിർണായകമാകും.

രാജവാഴ്ച തുടരാൻ ആറു പേർ

രാജസ്ഥാനിലെ 6 രാജകുടുംബങ്ങളിൽ നിന്നുള്ള നേതാക്കൾ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നു. അഞ്ചും ബിജെപിക്കുവേണ്ടി. ഒരാൾ കോൺഗ്രസിനും. മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഇവരിൽ ഏറ്റവും പ്രമുഖ. ഗ്വാളിയോറിലെ സിന്ധ്യ കുടുംബത്തിൽ ജനിച്ച ഇവർ ധോൽപൂർ രാജകുടുംബത്തിലേക്കു വിവാഹം കഴിച്ചെത്തുകയായിരുന്നു. 

കോട്ട രാജകുടുംബത്തിലെ കൽപന ദേവി, ബിക്കാനേറിലെ സിദ്ധി കുമാരി, ഭരത്പൂരിലെ വിശ്വേന്ദ്ര സിങ്, കൃഷ്ണേന്ദ്ര കൗർ ദീപ, നധ്ദ്വാരയിലെ മഹേഷ് പ്രതാപ് സിങ് എന്നിവരാണു ബാക്കി രാജകുടുംബാംഗങ്ങൾ. ഇതിൽ വിശ്വേന്ദ്ര സിങ് മാത്രമാണു കോൺഗ്രസി സ്ഥാനാർഥി.  കഴിഞ്ഞ നിയമസഭയിൽ രാജകുടുംബങ്ങളിൽനിന്നുള്ള 7 അംഗങ്ങളായിരുന്നു. 

ജയ്‌പുരിലെ റാണി ഗായത്രി ദേവിയുടെ നേതൃത്വത്തിൽ വിവിധ രാജകുടുംബങ്ങൾ ചേർന്നു രൂപം കൊടുത്ത സ്വതന്ത്ര പാർട്ടി 1962, 1967, 1972 വർഷങ്ങളിൽ മൽസര രംഗത്തുണ്ടായിരുന്നു. യഥാക്രമം 36, 49, 11 സീറ്റുകൾ ഈ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേടുകയും ചെയ്തിരുന്നു. 

നോട്ടയ്ക്കും സംഘടന

രാജ്യത്തെ ആദ്യത്തെ ‘നോട്ട’ പ്രമോഷൻ ഓഫിസ് ജയ്പൂരിൽ. എസ്‍സി, എസ്ടി ആക്ട് പരിഷ്കരിച്ചതിനെതിരെ സമരം ചെയ്ത മേൽജാതിക്കാരായ ആളുകളാണു സർവ സമാജ് സംഘർഷ് സമിതി എന്ന സംഘടനയുമായി നോട്ട പ്രോൽസാഹനത്തിനു രംഗത്തു വന്നത്. 

തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ പാർട്ടി വ്യത്യാസമില്ലാതെ തങ്ങളുടെ ആവശ്യങ്ങളോടു പുറംതിരിഞ്ഞു  നിൽക്കുകയാണെന്നു സംഘടനയുടെ ദേശീയ കൺവീനർ അഡ്വ. അനിൽ ചതുർവേദി പറഞ്ഞു. സംസ്ഥാനത്തെ 200 മണ്ഡലങ്ങളിലും നോട്ട ഓഫിസുകൾ തുടങ്ങാനും സംഘടന ലക്ഷ്യമിട്ടിരുന്നു. തങ്ങൾ വോട്ടെടുപ്പിന് എതിരല്ലെന്നും യോഗ്യതയുള്ള ആളുകളില്ലാത്തതിനാലാണു നോട്ടയിൽ വോട്ടു കുത്തുന്നതെന്നുമാണ് സംഘടനയുടെ വാദം. 

ഹനുമാൻ ആരെ വീഴ്ത്തും

ബിജെപിയുമായി തെറ്റി രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി ജാട്ട് നേതാവ് ഹനുമാൻ ബേണിവാൾ രംഗത്തെത്തിയപ്പോൾ ബിജെപി വോട്ടുകൾ ഭിന്നിക്കുമെന്നു കരുതിയവരാണ് ഏറെയും. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനങ്ങൾ കഴിഞ്ഞതോടെ സംഗതി കീഴ്മേൽ മറിഞ്ഞു. പ്രധാന ബിജെപി സ്ഥാനാർഥികൾക്കൊന്നുമെതിരെ മൽസരമില്ല, കോൺഗ്രസിനു വിജയസാധ്യതയുള്ള എല്ലാ മണ്ഡലത്തിലും പരമാവധി വോട്ടു പിടിക്കാൻ പറ്റിയ സ്ഥാനാർഥികളും. 

ജാട്ട് സമുദായം എല്ലാക്കാലവും കോൺഗ്രസിന് ഒപ്പം നിന്നിട്ടുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു മുതൽ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ചില ചായ്‍വുകൾ കാട്ടിയെങ്കിലും ബദ്ധവൈരികളായ  രജപുത്രരോട് ഒപ്പം കൂടാനുള്ള മടി ഇപ്പോഴുമുണ്ട്. കോൺഗ്രസ് ഇത്തവണയും ഏറെ പ്രതീക്ഷയോടെ നോക്കുന്നതും കർഷക ജനതയായ ജാട്ടുകളുടെ വോട്ടുകളിൽത്തന്നെ. 70 ലേറെ മണ്ഡലങ്ങളിൽ ഇവർ നിർണായകം. അതിലാണു ബേണിവാൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. 

എന്നാൽ പ്രചാരണം മുറുകിയതോടെ ബേണിവാളിന്റെ ഉദ്ദേശ്യത്തിൽ ജനത്തിനു സംശയം ഉയർന്നു. കർഷകനായ ബേണിവാൾ മണിക്കൂറിനു ലക്ഷങ്ങൾ വാടക നൽകി എങ്ങനെയാണു ഹെലികോപ്റ്ററിൽ കറങ്ങി നടന്നു പ്രചാരണം നടത്തുകയെന്നു ജാട്ടു നേതാക്കൾത്തന്നെ ചോദിച്ചു തുടങ്ങി. കോൺഗ്രസും ബേണിവാളിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങി. 

നിലയുറയ്ക്കാതെ മൂന്നാം മുന്നണികൾ

മൽസരം ഇത്തവണയും ബിജെപിയും കോൺഗ്രസും തമ്മിൽ തന്നെയാണ്. പല മൂന്നാം മുന്നണികളും പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒറ്റപ്പെട്ട സീറ്റുകൾക്കപ്പുറം അവയൊന്നും യാഥാർഥ്യമായില്ല. ആം ആദ്മി പാർട്ടി (187 സീറ്റ്), ഘനശ്യാം തിവാരിയുടെ ഭാരത് വാഹിനി പാർട്ടിയും ഹനുമാൻ ബേണിവാളിന്റെ ആർഎൽപിയും ചേർന്ന മുന്നണി (121), എന്നിവയ്ക്കൊന്നും 200 സീറ്റുകളിലേക്കും സ്ഥാനാർഥികളെപ്പോലും കിട്ടിയില്ല. 

ബിഎസ്പി 197 സീറ്റുകളിൽ മൽസരിക്കുന്നുവെങ്കിലും ചുരുക്കം മണ്ഡലങ്ങളിൽ മാത്രം സജീവം. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും ഒന്നോ രണ്ടോ സീറ്റിനപ്പുറം  ഒരിടത്തുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.