Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സിറ്റ് പോൾ: രാജസ്ഥാനിൽ കോൺഗ്രസ്, തെലങ്കാനയിൽ ടിആർഎസ്, ത്രിശ‌ങ്കു‌വിൽ മധ്യദേശം

exit-poll-cartoon

ന്യൂഡൽഹി∙ രാജസ്ഥാനിൽ വൻവിജയത്തോടെ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും തെലങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തുമെന്നും എക്സിറ്റ് പോൾ പ്രവചനം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഒന്നര പതിറ്റാണ്ടായി അധികാരത്തിലുള്ള ബിജെപിക്കും പ്രതിപക്ഷത്തുള്ള കോൺഗ്രസിനും തുല്യസാധ്യതയാണു ഫലങ്ങൾ സൂചിപ്പിക്കുന്നത്. മിസോറം കോൺഗ്രസിനു നഷ്ടപ്പെടുമെന്ന് ഉറപ്പിക്കുന്ന എക്സിറ്റ് പോളുകൾ പക്ഷേ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധ്യതയുള്ള മിസോ നാഷനൽ ഫ്രണ്ടിനും കേവലഭൂരിപക്ഷം ഉറപ്പിക്കുന്നില്ല. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനലായി വിലയിരുത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. രാജസ്ഥാനിലും തെലങ്കാനയിലും ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 

രാജസ്ഥാനിൽ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളും പ്രവചിക്കുന്നത്. 200 സീറ്റിൽ കേവലഭൂരിപക്ഷത്തിനു വേണ്ട 101നെക്കാൾ ഏറെ സീറ്റുകൾ കോൺഗ്രസിനു നൽകുന്ന പോളുകൾ 145 സീറ്റ് വരെ പാർട്ടിക്കു പ്രവചിക്കുന്നു. റിപ്പബ്ലിക്–ജൻ കീ ബാത് പോൾ മാത്രമാണ് ബിജെപിക്ക് നേരിയ മുൻതൂക്കം നൽകുന്നത്. 

മധ്യപ്രദേശിൽ ലഭ്യമായ പത്ത് എക്സിറ്റ് പോളുകളിൽ ആറെണ്ണം കോൺഗ്രസിനും നാലെണ്ണം ബിജെപിക്കും മുൻതൂക്കം നൽകുന്നു. 230 സീറ്റുള്ള മധ്യപ്രദേശിൽ ബിജെപിക്ക് 130 സീറ്റ് വരെ പ്രവചിക്കുമ്പോൾ കോൺഗ്രസിനു പരമാവധി ‌നൽകുന്നത് 126 സീറ്റ് ആണ്. 

ഛത്തീസ്ഗഡിൽ  ഒൻപതിൽ അഞ്ചെണ്ണം കോൺഗ്രസിനും നാലെണ്ണം ബിജെപിക്കും മുൻതൂക്കം നൽകുന്നു. 90 അംഗ സഭയിൽ ബിജെപിക്ക് പരമാവധി 52 സീറ്റ് വരെയും കോൺഗ്രസിന് 65 വരെയുമാണ് പ്രവചനം. ത്രിശങ്കു സഭയ്ക്കുള്ള സാധ്യതയാണ് പല എക്സിറ്റ് പോളുകളും മധ്യഭാരതത്തിലെ രണ്ടു സംസ്ഥാനങ്ങളിലും പ്രവചിക്കുന്നത്. 

തെലങ്കാനയിൽ ആറിൽ മൂന്ന് എക്സിറ്റ് പോളുകൾ ഭരണകക്ഷിയായ ടിആർഎസിന് കേവലഭൂരിപക്ഷം പ്രവചിക്കുമ്പോൾ മൂന്നെണ്ണം നേരിയ സീറ്റുകളുടെ വ്യത്യാസത്തിൽ കേവലഭൂരിപക്ഷം നഷ്ടപ്പെടുമെങ്കിലും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു സാധ്യത കൽപിക്കുന്നത്. അങ്ങനെയെങ്കിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം നിർണായകമാകുമെന്നാണ് സൂചന. 

പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ അജയ്യമായ തേരോട്ടത്തിനു വലിയ പരീക്ഷണം നേരിടുന്നു എന്നാണ്. 15 വർഷമായി ബിജെപി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അധികാരത്തിലാണെങ്കിൽ, രാജസ്ഥാൻ കേരളംപോലെ ആർക്കും ഭരണത്തുടർച്ചയ്ക്ക് അവസരം നൽകാത്ത സംസ്ഥാനമാണ്.

related stories