Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷ്ടിച്ച പണംകൊണ്ട് സുഖിക്കേണ്ട; ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ ആസ്തി കണ്ടുകെട്ടും

CYBER-ATTACK/

റാഞ്ചി∙ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചു കോടികൾ കവർന്ന ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ ആസ്തികൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. ജംതാര ജില്ലയിലെ 90 തട്ടിപ്പുകാരുടെ 50 കോടിയിലേറെ മൂല്യമുള്ള അനധികൃത സമ്പാദ്യമാണു കണ്ടുകെട്ടുന്നത്. സംസ്ഥാന പൊലീസ് കൈമാറിയ പട്ടിക അനുസരിച്ചാണു നടപടി.

ബിപിഎൽ കാർഡ് ഉടമകളായ 90 പേർ 3 വർഷത്തിനുള്ളിൽ ലക്ഷാധിപതികളായതിനെക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ, പണമെത്തിയത് സൈബർ തട്ടിപ്പിലൂടെയാണെന്നു തെളിഞ്ഞെന്ന് സിഐഡി എസ്പി ജയ റോയ് അറിയിച്ചു. സംസ്ഥാന പൊലീസും സൈബർ സെല്ലും സിഐഡിയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്ത രേഖകൾ ഇഡിക്കു കൈമാറി.

ജംതാരയിലെ ഓൺലൈൻ തട്ടിപ്പിന്റെ സൂത്രധാരരായ പ്രദീപ് മണ്ഡലിന്റെയും യുഗാൾ മണ്ഡലിന്റെയും 13 കോടി രൂപയുടെ ആസ്തികൾ കഴിഞ്ഞമാസം ഇഡി കണ്ടുകെട്ടിയിരുന്നു. ജംതാര നാരായൺപുരിലെ അത്യാധുനിക വസതികളും വാണിജ്യസമുച്ചയവും ജപ്തി ചെയ്തവയിൽപെടും. ബെനാമി പേരിൽ ഇവർ നടത്തിയ കോടികളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ജംതാരയിലെ നാരായൺപുർ, കർമാടാങ് സ്വദേശികളാണ് ഓൺലൈൻ തട്ടിപ്പു രംഗത്ത് സജീവമായുള്ളത്.

കേരളത്തിനു പുറമെ യുപി, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, ഒഡീഷ, ഡൽഹി, തമിഴ്നാട്, കർണാടക, ആന്ധ്ര, പഞ്ചാബ്, ആൻഡമാൻ എന്നിവിടങ്ങളിലെ ബാങ്ക് ഇടപാടുകാരും കബളിപ്പിക്കപ്പെട്ടു.

2 വർഷത്തിനിടെ വിവിധയിടങ്ങളിൽ നിന്നെത്തിയ അന്വേഷണസംഘങ്ങൾ സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ജംതാരയിൽനിന്നു 120 സൈബർ കള്ളന്മാരെ അറസ്റ്റ് ചെയ്തതായും രാജ്യത്തെ ഓൺലൈൻ തട്ടിപ്പിന്റെ 70 ശതമാനവും ജംതാര കേന്ദ്രീകരിച്ചാണെന്നും എസ്പി വ്യക്തമാക്കി. തട്ടിപ്പുസംഘത്തിലെ പലർക്കും വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

ജംതാര

കേരളത്തിൽനിന്ന് 2500ൽ ഏറെ കിലോമീറ്റർ അകലെ കിഴക്കൻ ജാർഖണ്ഡിലെ പിന്നാക്ക പ്രദേശം. ഇടിഞ്ഞുപൊളിഞ്ഞ കടമുറികൾ, വീടുകൾ... ഓൺലൈൻ പണത്തട്ടിപ്പു കേസുകളിലെ പ്രതികളെത്തേടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസുകാർ പതിവായി എത്തുന്ന സ്ഥലം. ജംതാര നഗരത്തിൽ സ്കൂളുകൾ മൂന്നേയുള്ളു; മൊബൈൽ കടകളാകട്ടെ, അഞ്ഞൂറിലേറെ.