Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക രോഷം കത്തി, എരിതീയായ് ഇന്ധനം; ബിജെപിക്ക് ബഹുമുഖ വീഴ്ചകൾ

Congress,-BJP

ന്യൂഡൽഹി∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്കുണ്ടായ തിരിച്ചടി വിലയിരുത്തിത്തുടങ്ങും മുൻപ് ഇങ്ങനെയൊരു സ്ഥിതിവിവരക്കണക്കാകാം: സ്വതന്ത്ര ഇന്ത്യയിൽ നടന്നതു 371 നിയമസഭാ തിരഞ്ഞെടുപ്പുകൾ. അതിനിടെ, ഒരു സംസ്ഥാനത്ത് ഒരേ കക്ഷി തുടർച്ചയായി 4 പ്രാവശ്യം അധികാരമേറിയത് 26 തവണ.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നാലാമതും വിജയിക്കുമെന്നതു ബിജെപിയുടെ അമിത പ്രതീക്ഷയായിരുന്നു. മോദി– അമിത് ഷാ കൂട്ടുകെട്ടിന്റെ കഠിനാധ്വാനത്തിനും മുഖ്യമന്ത്രിമാരായ ശിവ്‌രാജ് സിങ് ചൗഹാനും രമൺ സിങ്ങും പിന്തുടർന്ന വികസനരാഷ്ട്രീയത്തിനും അതു സഫലീകരിക്കാനായില്ല. 

എങ്കിലും അവസാന പന്തു വരെ ‌ഉദ്വേഗം നില‌‌നിന്ന ട്വിന്റി20 മത്സരത്തെ ഓർമിപ്പിച്ചു മധ്യപ്രദേശിലെ ഫലപ്രഖ്യാപനം. കമൽ‌നാഥിന്റെ തന്ത്രജ്ഞത‌യും ജ്യോതിരാദിത്യയുടെ ഊർജസ്വലത‌യും ഭരണവിരുദ്ധ വികാരവും എതിരു നിന്നിട്ടും ചൗഹാനെന്ന സൗമ്യനായ പോ‌രാളി പിടിച്ചുനിന്നു.

രാജസ്ഥാൻ

കാൽ നൂറ്റാണ്ടായി രാജസ്ഥാന്റെ മനോഗതി കേരളത്തിന്റേതു തന്നെ. അധികാരത്തിന്റെ കറങ്ങുന്ന വാതിൽ 5 വർഷത്തിനു ശേഷം പുറ‌ത്തേയ്ക്കാണു തുറക്കുക. പോരാത്തതിന്, മുഖ്യമന്ത്രി വസുന്ധര രാ‌ജെ സീറ്റു നിർണയത്തിലും തന്ത്രരൂപീകരണത്തിലും ‌മറ്റാർക്കും ചെവികൊടുക്കാതെ ഒറ്റയാനായത് പാർട്ടിക്ക് തിരിച്ചടിയായി.

അടിയൊഴുക്കുകൾ

കർഷകരോഷത്തിന്റെ അടിയൊഴുക്കു 3 സംസ്ഥാനങ്ങളിലും തെളിഞ്ഞു കണ്ടു. തിരഞ്ഞെടുപ്പിനു ശേഷം രാജ്യമെങ്ങും തലയുയർത്തിയ കർഷക പ്രതിഷേധങ്ങളായിരുന്നു പ്രതിപക്ഷത്തിന്റെ  പ്രചാരണായുധം.

നോട്ടു റദ്ദാക്കൽ, ജിഎസ്ടി

നോട്ട് റദ്ദാക്കലിലൂടെയും ജിഎസ്ടിയിലൂടെയും നൽകപ്പെട്ട വാ‌ഗ്ദാനങ്ങൾ വീണ്ടും വിലയിരുത്താൻ ജനങ്ങൾക്ക് അവസരം കിട്ടി. ചെ‌റുകിട, ഇടത്തരം വ്യവസായ മേഖല തകർന്നതും ലക്ഷങ്ങൾക്കു തൊഴിലില്ലാതായതും ജന‌ങ്ങളെ നിരാശരാക്കിയിരുന്നു.

ഡീസൽ, പെട്രോൾ

ഡീസൽ, പെട്രോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ക്രിയാത്മക നടപ‌ടിയുണ്ടാകാത്തതിൽ പിണങ്ങിയതു മധ്യവർഗമാണ്. വികസനത്തിനു പണം കണ്ടെത്താൻ സാധാരണക്കാരനെ ചൂഷണം ചെയ്യുന്നുവെന്ന പ്ര‌തിപക്ഷ നിലപാടിനു പിന്തുണ കിട്ടി. റഫാൽ അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയും അനുബന്ധ വിഷയങ്ങൾ മാത്രമായിരുന്നു.

പട്ടികവിഭാഗ നിയമം

സുപ്രീം കോടതി വിധിയിലൂടെ ദുർബലമായ പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം പുനഃസ്ഥാപിച്ചത് ഉയർന്ന ജാതിക്കാരെ പിണക്കി. പീഡ‌നവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനു പിന്നിൽ സർക്കാരാണെ‌ന്നു വിലയിരുത്തിയ ദലിതർ തിരികെയെത്തിയതുമില്ല. ഇതിനു ഛത്തീസ്ഗഡിലെ പട്ടികവർഗ ‌മണ്ഡലങ്ങൾ തെളിവ്.

രാമക്ഷേത്ര പ്രക്ഷോഭം

രാമക്ഷേത്രനിർമാണ പ്രക്ഷോഭം പുനരാരംഭിച്ചതു ബിജെപിയെ തുണച്ചില്ലെന്നു കൂ‌ടിയാണു തിരഞ്ഞെടുപ്പു ഫലം പറയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീവ്രപ്രചാരണത്തിലെ ആൾ‌ക്കൂട്ടങ്ങൾ വോട്ടായില്ല.