Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിൽ ‘കൈ’തൊട്ട്

Rahul,-modi മാധ്യമങ്ങളെ കാണാൻ എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി, പാർലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ പോരിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയക്കൊടി പാറിച്ച് കോൺഗ്രസ് കുതിപ്പ്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പൊരുതിയ മധ്യപ്രദേശിൽ, രാത്രി വൈകിയും വോട്ടെണ്ണൽ നീണ്ടതോടെ ദേശീയ രാഷ്ട്രീയം കണ്ട ഏറ്റവും ഉദ്വേഗജനകമായ പോരാട്ടത്തിനു സംസ്ഥാനം വേദിയായി. തെലങ്കാനയിൽ വൻവിജയം നേടിയ ടിആർഎസ് ഭരണം തുടരും. മിസോറമിൽ കോൺഗ്രസിനെ വീഴ്ത്തി മിസോ നാഷനൽ ഫ്രണ്ട് അധികാരം പിടിച്ചു. 

മധ്യപ്രദേശ്

ലീഡ് നില ഓരോ നിമിഷവും മാറിമറിഞ്ഞ മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും കേവലഭൂരിപക്ഷത്തിനടുത്ത് നിലയുറപ്പിച്ചപ്പോൾ 2 സീറ്റ് നേടിയ ബിഎസ്പിയും 1 നേടിയ എസ്പിയും 4 സ്വതന്ത്രരും നിർണായകമായി. ഇവരുടെ പിന്തുണ ഉറപ്പാക്കി ഭരണം നേടാൻ കോൺഗ്രസും ബിജെപിയും ചരടുവലി ശക്തമാക്കി. 230 സീറ്റുള്ള നിയമസഭയിൽ 116 എന്ന കേവല ഭൂരിപക്ഷ സംഖ്യ ഉറപ്പാക്കാനുള്ള അണിയറ നീക്കങ്ങളുമായി ഇരു കക്ഷികളുടെയും ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ രംഗത്തിറങ്ങി. കോൺഗ്രസ് പ്രവർത്തനങ്ങൾക്കു ചുക്കാൻ  പിടിക്കുന്നതിനുള്ള നിരീക്ഷകനായി പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയെ രാഹുൽ ഗാന്ധി നിയോഗിച്ചു. 

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജയിച്ചെങ്കിലും അരഡസനിലേറെ മന്ത്രിമാർ തോറ്റതു ബിജെപിക്കു കൂടുതൽ ക്ഷീണമായി.

 ഛത്തീസ്ഗഡ്

15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ഛത്തീസ്ഗഡിൽ 67 സീറ്റുമായി കോൺഗ്രസ് മിന്നും വിജയം നേടി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതാദ്യമായാണു കോൺഗ്രസ് ഛത്തീസ്ഗഡിൽ ഭരണം പിടിക്കുന്നത്. ബിജെപി 16 സീറ്റിലേക്കു ചുരുങ്ങി. സംസ്ഥാനത്ത് മൂന്നാം മുന്നണിയായി മൽസരിച്ച അജിത് ജോഗി – മായാവതി സഖ്യം കാര്യമായ ചലനമുണ്ടാക്കാതെ 6 സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി രമൺ സിങ്, അജിത് ജോഗി, ഭാര്യ രേണു ജോഗി എന്നിവർ ജയിച്ചു. 

രാജസ്ഥാൻ

100 സീറ്റുമായി കോൺഗ്രസ് സഖ്യം കൃത്യം കേവലഭൂരിപക്ഷം നേടി. ഭരത്പുരിൽ ജയിച്ച രാഷ്ട്രീയ ലോക്ദളിന്റെ ഒരു സീറ്റു കൂടി ചേർത്താണ് ഇത്. 10 കോൺഗ്രസ് റിബലുകളും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 163 സീറ്റുണ്ടായിരുന്ന ബിജെപി 73 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. 10 കാബിനറ്റ് മന്ത്രിമാരും 7 സഹമന്ത്രിമാരും തോറ്റു. സിപിഎം 2 സീറ്റുകൾ നേടി. (ആകെ 200 സീറ്റാണ്. ഒരിടത്ത് വോട്ടടുപ്പ് മാറ്റിവച്ചു) ‍

മുഖ്യമന്ത്രി വസുന്ധര രാജെ രാജി നൽകി. ഇന്നു 11 നു ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. കേന്ദ്ര നിരീക്ഷകനായ കെ.സി. വേണുഗോപാൽ ഇന്നലെത്തന്നെ ജയ്പുരിലെത്തി. നാളെത്തന്നെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നും അറിയുന്നു. 

തെലങ്കാന

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപ്രതിപക്ഷ നിരയെ (മഹാകൂടമി) മലർത്തിയടിച്ച ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കരുത്തു തെളിയിച്ചു. 119 ൽ  ടിആർഎസ് 88 സീറ്റ് നേടി. പ്രതിപക്ഷ നിര 21 ൽ തകർന്നടിഞ്ഞു – കോൺഗ്രസ് – 19, ടിഡിപി –2. 

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു,  മകൻ കെ.ടി. രാമറാവു, അനന്തരവൻ ടി. ഹരീഷ് റാവു എന്നിവർ ജയിച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎയ്ക്ക് 7 സീറ്റ്. ബിജെപിക്ക് ഒരു സീറ്റ്മാത്രം. 

ചന്ദ്രശേഖർ റാവു രാത്രി ഗവർണർ ഇ.എസ്.എൽ നരസിംഹറാവുമായി കൂടിക്കാഴ്ച നടത്തി. റാവുവിനെ ഇന്ന് ടിആർഎസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും.

മിസോറം

കോൺഗ്രസിനെ വീഴ്ത്തി മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) 26 സീറ്റുമായി ഭരണം പിടിച്ചതോടെ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളെല്ലാം കോൺഗ്രസിനു നഷ്ടമായി. മിസോറമിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ലാൽതൻഹവ്‌ല മൽസരിച്ച 2 സീറ്റിലും തോറ്റു; കോൺഗ്രസ് 5 സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി ലാൽതൻഹാവ്‌ല രാജി സമർപ്പിച്ചു. എംഎൻഎഫ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട സോറാംതാംഗ, സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു.

35 ലോക്സഭാ സീറ്റുകളിൽ ബിജെപി പിന്നിൽ

5 സംസ്ഥാനങ്ങളിലെ വോട്ടിങ്നില അനുസരിച്ചുള്ള കണക്കിൽ 2014ൽ സ്വന്തമാക്കിയ 35 ലോക്സഭാ സീറ്റുകളിൽ ബിജെപി ഇത്തവണ പിന്നിലായി. കോൺഗ്രസ് 33 സീറ്റുകളിൽ മുന്നിലാണ്.

related stories