Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെ– ദിനകരൻ ലയനം ബിജെപിക്ക് ഇനി കൂടിയേ തീരൂ

dinakaran-OPS-EPS ദിനകരൻ, പനീർസെൽവം, പളനിസാമി

ചെന്നൈ ∙ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന  നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയേറ്റതോടെ തമിഴ്നാട്ടിൽ ഇനി അണ്ണാ ഡിഎംകെ- ദിനകര വിഭാഗങ്ങൾ തമ്മിലുള്ള ലയനത്തിനു സമ്മർദമേറും. ഹിന്ദി ഹൃദയഭൂമിയിലെ മങ്ങിയ പ്രതാപം മറ്റു മേഖലകളിലെ മികച്ച പ്രകടനം  കൊണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിൽ  മറികടക്കാനായിരിക്കും ബിജെപി ശ്രമം.

സ്വന്തം നിലയിൽ ശക്തിയില്ലാത്തതിനാൽ തമിഴ്നാട്ടിൽ പരമാവധി കക്ഷികളെ ഒറ്റ കുടക്കീഴിൽ അണിനിരത്തി, 2014 നെപ്പോലെ വിശാല സഖ്യത്തിനു ബിജെപി ശ്രമിച്ചേക്കും. 

ഇതിന്റെ ഭാഗമായാണു അണ്ണാഡിഎംകെയും ദിനകരനെയും വീണ്ടും  ഒന്നിപ്പിക്കാനുള്ള ശ്രമം. എന്നാൽ, ദിനകരനുമായുള്ള ലയനം അജണ്ടയിലില്ലെന്നു  ഇന്നലെ നടന്ന  പാർട്ടി നേതൃ യോഗത്തിനു ശേഷം മന്ത്രി ഡി.ജയകുമാർ പറഞ്ഞു.

അതേസമയം, നാലു സംസ്ഥാന കക്ഷികളുമായി സഖ്യ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചാൽ അണ്ണാഡിഎംകെയുമായി സഹകരണമാകാമെന്നും ദിനകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ ഒട്ടേറെ മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ സിബിഐ അന്വേഷണത്തിലാണ്. കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ദിനകരനു പിന്നാലെയുണ്ട്. തങ്ങളുടെ ഗെയിം പ്ലാൻ നടപ്പാക്കാൻ ഇരുപക്ഷവും ഒരുമിച്ചേ തീരൂവെന്നു ബിജെപി തീരുമാനിച്ചാൽ രണ്ടു കൂട്ടർക്കും വഴങ്ങാതിരിക്കാനാവില്ല. ലയനം അസാധ്യമായാൽ അണ്ണാഡിഎംകെയ്ക്കൊപ്പം, നിലവിൽ ഡിഎംകെ മുന്നണിയിലില്ലാത്ത ചെറുകക്ഷികളെ ഉൾപ്പെടുത്തി വിശാല സഖ്യത്തിനും ബിജെപി ശ്രമിക്കും.