Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയം പാളിയെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ 2 സീറ്റ്

CPM Logo

ന്യൂഡൽഹി∙ ഇടതുപക്ഷത്തെ ആശയക്കുഴപ്പവും അനൈക്യവും നിയമസഭാ തിരഞ്ഞെടുപ്പിലും ദൃശ്യമായെങ്കിലും രാജസ്ഥാനിൽ 2 സീറ്റ് ലഭിച്ചതു സിപിഎമ്മിനു വലിയ ആശ്വാസമായി. ഒറ്റയ്ക്കു മത്സരിച്ച് ടിആർഎസ്, കോൺഗ്രസ്, ബിജെപി, ബിഎസ്പി, സിപിഎം എന്നിവയെ പരാജയപ്പെടുത്തി തെലങ്കാനയിൽ നേടിയ ഒരു സീറ്റ് ഫോർവേഡ് ബ്ലോക്കിന്റെയും വലിയ വിജയം.

നടപ്പാകാത്ത അടവുനയം

സിപിഎം കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത് ബിജെപിക്കെതിരെയുള്ള വോട്ടുകൾ ഒരുമിപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കാമെന്നാണ്. എന്നാൽ, 5 സംസ്ഥാനങ്ങളിൽ ഒരിടത്തുപോലും ഈ നയം നടപ്പാക്കിയില്ല. നടപ്പാക്കിയ നയം കാര്യമായി വിജയിച്ചുമില്ല.

ബിജെപി മുഖ്യ സ്ഥാനത്തില്ലാതിരുന്നത് തെലങ്കാനയിലും മിസോറമിലും മാത്രമാണ്. തെലങ്കാനയിൽ കോൺഗ്രസ് – ടിഡിപി സഖ്യത്തിനൊപ്പം നിൽക്കാൻ സിപിഐ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തു ബിജെപി പ്രബലമല്ലെന്ന കാരണം പറഞ്ഞാണു സിപിഎം വിട്ടുനിന്നത്. സിപിഎം നേതൃത്വത്തിൽ രൂപീകരിച്ച ബഹുജൻ ഇടതു മുന്നണിക്ക് എങ്ങുമെത്താനായില്ല. കോൺഗ്രസ് – ടിഡിപി പരാജയത്തിന്റെ പങ്കുപറ്റുകയെന്നതായി സിപിഐയുടെയും വിധി.

എന്നാൽ, രാമഗുണ്ടത്ത് ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി 26,491 വോട്ടിനാണു ജയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി ജി.ദേവരാജന് അഭിമാനിക്കാം. ഇവിടെ സിപിഎമ്മിനു ലഭിച്ചത് 543 വോട്ട്.

ഫലം കാണാതെ മധ്യദേശം

ബിജെപി ഭരിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇടതു പാർട്ടികൾ ഒരുമിച്ചു നിന്നു. രാജസ്ഥാനിൽ ഇടതു പാർട്ടികൾക്കു പുറമെ, എസ്പിയും ആർഎൽഡിയും ജെഡിഎസുമുൾപ്പെടുന്ന ലോക്താന്ത്രിക് മോർച്ചയാണു മത്സരത്തിനിറങ്ങിയത്. സിപിഎമ്മിനു 2 സീറ്റ് ലഭിച്ചു – ശ്രീ ഡുംഗാഗഡ്, ഭദ്ര മണ്ഡലങ്ങൾ. ശ്രീ ഡുംഗാഗഡിൽ 72,376 വോട്ട്, രണ്ടാമത്തെത്തിയത് കോൺഗ്രസ്; ഭദ്രയിൽ നേടിയത് 82,204 വോട്ട്, രണ്ടാമതു ബിജെപി. 2008 ൽ രാജസ്ഥാനിൽ സിപിഎം 3 സീറ്റിൽ വിജയിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം അംറാ റാം ദന്ധരാംഗഡിൽ മൂന്നാം സ്ഥാനത്തായി; കോൺഗ്രസ് സ്ഥാനാർഥിയാണു ജയിച്ചത്.

തെലങ്കാനയിലെ 3 സീറ്റിനെക്കാൾ സിപിഐ പ്രതീക്ഷവച്ചത് ഛത്തീസ്ഗഡിലെ കോണ്ടയിലാണ്. ഇവിടെ മനീഷ് കുഞ്ജാം മൂന്നാം സ്ഥാനത്തായി, ഇവിടെയും കോൺഗ്രസാണു വിജയിച്ചത്. മധ്യപ്രദേശിലും ഇടതിന്റെ ഒറ്റപ്പെട്ട ഐക്യം ഫലം നൽകിയില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ, ഇടത്, ജനാധിപത്യ കക്ഷികൾ ഒന്നിച്ചുനിൽക്കണമെന്നാണ് ഫലം വന്നശേഷവും സിപിഐയുടെ അഭ്യർഥന. ബിജെപിക്കുള്ള തിരിച്ചടിയായി ഫലത്തെ വിലയിരുത്തിയപ്പോഴും പാർട്ടി നിലപാടിനെക്കുറിച്ചു സിപിഎം മൗനം പാലിച്ചു.