Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നിടങ്ങളിലും മുഖ്യമന്ത്രിയെ കണ്ടെത്തൽ കോൺഗ്രസിന് വെല്ലുവിളി

Ashok Gehlot and Sachin Pilot കൈപിടിച്ച്: ജയ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പ്രവർത്തകസമിതിയംഗം കെ.സി.വേണുഗോപാൽ എംപിയോടൊപ്പം. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഭരണം ഉറപ്പാക്കിയ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം കിട്ടാനിടയുള്ള മധ്യപ്രദേശിലും കോൺഗ്രസിനു തലവേദനയായി മുഖ്യമന്ത്രി പദം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഒന്നിലധികം നേതാക്കൾ രംഗത്തിറങ്ങിയതോടെ തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു വിട്ടു.

∙ രാജസ്ഥാൻ: പ്രവർത്തക സമിതിയംഗം കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ ചേരുന്ന യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം രാഹുലിനെ അറിയിക്കുമെന്നും അതിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിലും എംഎൽഎമാർക്കിടയിലെ സ്വാധീനവും കണക്കിലെടുത്ത് ഗെലോട്ടിനു നറുക്കു വീണേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂറുമാറ്റം തടയുന്നതിന് പാർട്ടിയുടെ നിർദേശ പ്രകാരം എല്ലാ എംഎൽഎമാരും ഇന്നലെ വൈകിട്ടു തന്നെ ജയ്പുരിലെത്തി. 

∙ ഛത്തീസ്ഗഡ്: പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെൽ എന്നിവർ തമ്മിലാണു മൽസരം. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ഫലം പുറത്തുവന്നതിനു പിന്നാലെ ബാഗെൽ പ്രതികരിച്ചു. 

∙ മധ്യപ്രദേശ്:  അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അവകാശവാദം വന്നിട്ടില്ല. എന്നാൽ, സർക്കാരുണ്ടാക്കാൻ കഴിയുമെന്ന നിലവന്നാൽ പ്രബല നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കളത്തിലിറങ്ങും.