Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽവി യോഗിയുടെയും; മോദിക്ക് രഹസ്യവിജയം

Yogi Adityanath

ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീവ്രപ്രചാരണം ഫലം കണ്ടില്ല. കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായ തോൽവി, യോഗിയുടേതു കൂടിയാണ്.

യോഗിയെ ‌പ്രചാരണത്തിനു വിട്ടുകിട്ടാൻ ബിജെപി സംസ്ഥാന ഘടകങ്ങൾ മത്സരത്തിലായിരുന്നു. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും താരതമ്യേന ‘ഡിമാൻഡ്’ കുറഞ്ഞു.4 സംസ്ഥാനങ്ങളിൽ 74 പൊതുയോഗങ്ങളിലാണു യോഗി പ്രസംഗിച്ചത് – രാജസ്ഥാനിൽ 26, ഛത്തീസ്ഗഡിൽ 23, മധ്യപ്രദേശിൽ 17, തെലങ്കാനയിൽ 8. പ്രധാനമന്ത്രി പ്രസംഗിച്ചത് 32 യോഗങ്ങളിൽ. സംസ്ഥാനങ്ങളിൽ നിരന്തരം പര്യടനത്തിലായിരുന്ന അമിത് ഷാ 58 പൊതുപരിപാടികളിൽ ‌പങ്കെടുത്തു.

യോഗിക്കു ജനപിന്തുണയേറുന്നുവെന്നാണു യോഗങ്ങൾക്കെത്തിയ ആൾക്കൂട്ടങ്ങൾ സൂചിപ്പിച്ചത്. യോഗിയുടെ ഭരണമാതൃക ജനങ്ങൾ അംഗീകരിക്കുന്നുവെന്നായിരുന്നു ഇതെക്കുറിച്ചു ബിജെപി വക്താവിന്റെ പ്രതികരണം.

രാമക്ഷേത്ര നിർമാണം മുതൽ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം വരെയുള്ള വിഷയങ്ങൾ എടുത്തു പ്രയോഗിച്ച യോഗി, പലപ്പോഴും വിവാദങ്ങൾക്കു തിരികൊളുത്തി. അതിനു മറുപടിയുമായി എതിർപ്രചാരണത്തിനിറങ്ങാനും കോൺഗ്രസ് നിർബന്ധിതരായി.

ഇതിനിടെ, മോദിക്കു ശേഷം യോഗിയെന്ന മൗനപ്രചാരണത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അധികാരത്തിലെത്തിയ മോദി, രാമക്ഷേത്രമെന്ന ലക്ഷ്യത്തിൽനിന്നു പിന്നാക്കം പോയതാണ് അവരെ പ്രകോപിപ്പിച്ചത്. ഒടുവിൽ, രാമക്ഷേത്ര വിഷയത്തിൽ കോൺ‌ഗ്രസിനെ കുറ്റപ്പെടുത്തി മോദി രംഗത്തു വന്നത് ഈ സമ്മർദം കാര‌ണമാണ്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിൽ അതു യോഗിയുടെ കൂടി സംഭാവനയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു.

രാമക്ഷേത്ര നിർമാണ നീക്കം ശക്തിപ്രാപിക്കുന്നതിനിടെ മോദിക്കു പകരം യോഗിയെന്ന മുറവിളിയും ശക്തിപ്പെടുമായിരുന്നു. ഇപ്പോൾ, തിരഞ്ഞെടുപ്പു തോൽവിയെ തീവ്രനിലപാടുകളോടു ജനങ്ങൾക്കുള്ള ഇഷ്ടക്കേടായും വിലയിരുത്താം. പാർട്ടിയുടെ തോൽവിക്കിടെ നരേന്ദ്ര മോദിയുടെ രഹസ്യവിജയമായും.