Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ തീരുമാനം രാഹുൽ ഗാന്ധി പറയും

Jyotiraditya Scindia and Kamal Nath മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമൽനാഥ് എന്നിവർ മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദവുമായി ഭോപാലിൽ ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ച ശേഷം പുറത്തേക്കു വരുന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഭരണത്തിലേറിയെങ്കിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന ഘടകങ്ങൾ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിട്ടു. 3 സംസ്ഥാനങ്ങളിലും ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗങ്ങളിൽ എംഎൽഎമാരുടെ അഭിപ്രായമാരാഞ്ഞ കേന്ദ്ര നിരീക്ഷകർ അക്കാര്യം രാഹുലിനെ അറിയിച്ചു.

cartoon

മധ്യപ്രദേശ്

ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയറിയിച്ചതോടെ കമൽനാഥ് മുഖ്യമന്ത്രിയാകാൻ സാധ്യത തെളിഞ്ഞു. എ.കെ. ആന്റണിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എതിരാളിയായ ജ്യോതിരാദിത്യ സിന്ധ്യ തന്നെ കമൽനാഥിന്റെ പേര് നിർദേശിച്ചതായാണു വിവരം. മുഖ്യമന്ത്രി നിർണയം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആന്റണി മധ്യപ്രദേശിലെത്തിയത്. സംസ്ഥാനത്തെ സാഹചര്യം ആന്റണി ഇന്ന് രാഹുലിനോടു വിശദീകരിക്കും.

രാജസ്ഥാൻ

Sachin Pilot, Ashok Gehlot രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ. ചിത്രം: പിടിഐ

അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പോര് മുറുകി. എംഎൽഎമാർ 2 പക്ഷത്തായി വിഭജിക്കപ്പെട്ടു നിൽക്കുകയാണ്. സംസ്ഥാന നിരീക്ഷകൻ കെ.സി. വേണുഗോപാൽ ഇന്നു ഡൽഹിയിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ ഗെലോട്ടിനെയും സച്ചിനെയും ഡൽഹിക്കു വിളിച്ചുവരുത്തിയേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഒത്തുതീർപ്പ് ഫോർമുലയെന്ന നിലയിൽ ഗെലോട്ടിനെ മുഖ്യമന്ത്രിയും സച്ചിനെ ഉപമുഖ്യമന്ത്രിയുമാക്കാനും സാധ്യത നിലനിൽക്കുന്നു.

ഛത്തീസ്ഗഡ്

Bhupesh Baghel ഭൂപേഷ് ഭാഗൽ

പ്രതിപക്ഷ നേതാവ് ടി.എസ്. സിങ്ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, മുതിർന്ന നേതാക്കളായ താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവർ തമ്മിലാണു മൽസരം. എംഎൽഎമാരുടെ പിന്തുണയുള്ള ഭാഗലിനു നറുക്കുവീണേക്കുമെന്നാണു സൂചന. നേതാക്കൾക്കിടയിൽ തർക്കമില്ലെന്നും മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാന നിരീക്ഷകൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.

എണ്ണിത്തീർന്നത് 24 മണിക്കൂറിൽ; കോൺഗ്രസിന് പിന്തുണ 121

മധ്യപ്രദേശിൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ അവസാനിച്ചത് ഇന്നലെ രാവിലെ 8.30ന്. 24 മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കോൺഗ്രസിനു 114 സീറ്റും ബിജെപിക്കു 109 സീറ്റും. ഇതിനിടെ, ഓരോ നിമിഷവും ലീഡ് മാറി മറിഞ്ഞുകൊണ്ടിരുന്നു. കേവലഭൂരിപക്ഷത്തിന് 2 എംഎൽഎമാരുടെ കുറവാണ് കോൺഗ്രസിനുള്ളത്. എന്നാൽ, 4 സ്വതന്ത്രരും 2 ബിഎസ്പി അംഗങ്ങളും ഒരു എസ്പി എംഎൽഎയും ഒപ്പമുണ്ടെന്നുറപ്പിച്ചതോടെ പാർട്ടിക്ക് 121 പേരുടെ പിന്തുണയായി. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‍വിജയ് സിങ് എന്നിവർ ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. നേരത്തേ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജി സമർപ്പിച്ചിരുന്നു. 

തർക്കമില്ലാതെ രണ്ടു മുഖ്യമന്ത്രിമാർ

തെലങ്കാന‍

കെ. ചന്ദ്രശേഖരറാവു (64) – ടിആർഎസ്

K Chandrasekhar Rao

തെലങ്കാനയുടെ ആദ്യമുഖ്യമന്ത്രി. രണ്ടാംതവണയും ആ സ്ഥാനത്ത്. ആന്ധ്രപ്രദേശിൽ മുൻപ് മന്ത്രിയും സ്പീക്കറുമായിരുന്നു. മു‍ൻ കേന്ദ്രമന്ത്രി. ഗജ്‍വേൾ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ. സത്യപ്രതിജ്ഞ ഇന്നുച്ചയ്ക്ക് 1.34ന്

മിസോറം

സോറാംതാംഗ (74) (മിസോ നാഷനൽ ഫ്രണ്ട്)

Zoramthanga

മൂന്നാം തവണ മിസോറം മുഖ്യമന്ത്രി. മുൻപ് 1998 – 2008 കാലയളവിലായി 2 തവണ തുടർച്ചയായി സംസ്ഥാനം ഭരിച്ചു. ഐസോൾ ഈസ്റ്റ്1 മണ്ഡലത്തിൽനിന്നുള്ള എംഎൽഎ. സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.