Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയുടെ മൂന്നാം മകൻ; കമൽ നാഥിന്റെ രാഷ്ട്രീയശൈലിയിൽ നയവും തന്ത്രവും

Kamal Nath

ഭോപാൽ∙ സഞ്‌ജയ് ഗാന്ധിയുടെ സഹപാഠിയും സുഹൃത്തുമായ കമൽനാഥിനെ 1980 ൽ മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ കോൺഗ്രസിന്റെ യുവ സ്‌ഥാനാർഥിയായി അവതരിപ്പിച്ച ഇന്ദിരാ ഗാന്ധി പ്രചാരണയോഗത്തിൽ പറഞ്ഞു: ‘‘എന്റെ മൂന്നാമത്തെ മകനാണ്. ജയിപ്പിക്കണം.’’

39 വർഷങ്ങൾക്കു ശേഷം ഇന്ദിരയുടെ കൊച്ചുമകനു കരുത്തു പകരാനും അതേ കമൽനാഥുണ്ട്. അന്നത്തെ യുവ എംപി ഇപ്പോഴത്തെ ലോക്സഭയിലെ ഏറ്റവും സീനിയർ എംപിയാണ്. കഴിഞ്ഞ മേയിലാണു കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷനായത്. 150 ദിവസം കഴിയുമ്പോഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് പാർട്ടിക്കു വീണ്ടും ഭരണം സമ്മാനിച്ചാണ് അദ്ദേഹം വിശ്വാസം കാത്തത്.

പൊതുവേ സ്വീകാര്യനായ, പഴയകാല രാഷ്ട്രീയക്കാരന്റെ മാന്യത പുലർത്തുന്ന ശിവരാജ് സിങ് ചൗഹാനെ വീഴ്ത്തിയുള്ള മുന്നേറ്റം. കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായ നിമിഷം തന്നെ മായാവതിയെ വിളിച്ച് ബിഎസ്പി പിന്തുണ ഉറപ്പാക്കിയതിലുണ്ട് ആ രാഷ്ട്രീയ തന്ത്രജ്ഞത. തിരഞ്ഞെടുപ്പിനു മുൻപ്, മായാവതിയുടെ കടുത്ത ആവശ്യങ്ങൾ മൂലം കോൺഗ്രസ്– ബിഎസ്പി സഖ്യം സാധ്യമാകില്ലെന്ന ഘട്ടത്തിൽ ഒറ്റയ്ക്കു പൊരുതാമെന്നു രാഹുലിനെ പറഞ്ഞു ബോധ്യപ്പെടുത്തിയതും ഇതേ കമൽനാഥ് തന്നെ.

നയം അനുനയം

ഗ്രൂപ്പ് വഴക്കിൽ മുങ്ങിനിൽക്കുകയായിരുന്ന സംസ്ഥാന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനു സജ്ജമാക്കിയതിൽ കമൽനാഥിന്റെ പങ്ക് വലുതാണ്. യുവത്വത്തിന്റെ പ്രതീകമായ ജ്യോതിരാദിത്യ സിന്ധ്യയെ ഒഴിവാക്കി എഴുപത്തിരണ്ടുകാരനായ കമൽനാഥിനു പിസിസി അധ്യക്ഷ സ്ഥാനം നൽകുമ്പോൾ കോൺഗ്രസ് മാറി ചിന്തിക്കുന്നില്ലെന്നു വിമർശനമുയർന്നിരുന്നു. ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുമെന്നു കരുതിയവരുമേറെ.

പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ജ്യോതിരാദിത്യയ്ക്കു നൽകിയതോടെ ആക്ഷേപം മാറി. പൊതുയോഗങ്ങളിൽ മാത്രമല്ല, കഴിഞ്ഞ ദിവസം പുലർച്ചെ 2.30 നു മാധ്യമങ്ങളെ കണ്ടപ്പോഴും പിന്നീട് എ.കെ. ആന്റണിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയപ്പോഴും ‍ഡൽഹിയിൽ രാഹുലിനെ കണ്ടപ്പോഴും കമൽനാഥും സിന്ധ്യയും പുറംലോകത്തിനു മുന്നിൽ തോളോടുതോൾ ചേർന്നുനിന്നു.

സ്ഥാനാർഥി നിർണയത്തിനു ശേഷം ബിജെപിയെപ്പോലെ കോൺഗ്രസിനെയും വിമതഭീഷണി കാര്യമായി ബാധിച്ചിരുന്നു. അതുവരെ റോളൊന്നുമില്ലാതെ മാറ്റിനിർത്തപ്പെട്ട മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെയാണ് വിമതരെ മെരുക്കാനുള്ള ദൗത്യം കമൽനാഥ് ഏൽപിച്ചത്. ജയിച്ച 4 വിമതരെ കൂടെ കൂട്ടാനും കഴിഞ്ഞു.

ഒപ്പം തന്ത്രങ്ങളും

മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ ജനപ്രിയതയുടെ ചുവട്ടിൽ കത്തിവയ്ക്കാനാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കമൽനാഥ് ശ്രമിച്ചത്. നൽകിയതു പൊള്ളവാഗ്ദാനങ്ങളായിരുന്നുവെന്നു ചൂണ്ടിക്കാട്ടാനായി ശ്രമം. ഓരോ പഞ്ചായത്തിലും ഓരോ ഗോശാല പോലെയുള്ള പ്രഖ്യാപനങ്ങളും ബിജെപിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു.

കഷ്ടിച്ചു കടന്നുകൂടിയ സംസ്ഥാനത്തു ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കമൽനാഥിനെപ്പോലൊരാൾ വേണമെന്നു ഹൈക്കമാൻഡ് വിലയിരുത്തിയെങ്കിൽ സ്വാഭാവികം. ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിനെ സജ്ജമാക്കേണ്ടതിന്റെ ഉത്തരവാദിത്തവുമുണ്ട്. 29 സീറ്റുള്ള മധ്യപ്രദേശിൽ കഴിഞ്ഞ തവണ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും മാത്രമാണു ജയിച്ചത്.

ചിന്ദ്‌വാരയിൽനിന്ന് 9 വട്ടം ലോക്സഭാംഗമായ കമൽനാഥ് പക്ഷേ, ജനിച്ചതു മധ്യപ്രദേശിലല്ല, യുപിയിലെ കാൻപുരിൽ.