Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിൽ ഖനിയിൽ 13 പേർ കുടുങ്ങി; രക്ഷിക്കാൻ തീവ്രശ്രമം

Indiab Mining Deaths മേഘാലയയിൽ കിഴക്കൻ ജെയ്ൻതിയ മേഖലയിൽ ഖനിദുരന്തമുണ്ടായിടത്ത്, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദുരന്തനിവാരണ സേന. ചിത്രം:എപി

ഷില്ലോങ്∙ മേഘാലയയിൽ കിഴക്കൻ ജെയ്ൻതിയ പർവതമേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 13 പേരെ രക്ഷിക്കാൻ തീവ്രശ്രമം. ബുധനാഴ്ച രാത്രി നദി കരകവിഞ്ഞൊഴുകിയപ്പോൾ ഖനി ഇടിഞ്ഞുതകരുകയായിരുന്നു.  60 പേരടങ്ങിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും 12 പേരടങ്ങിയ സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും രക്ഷാപ്രവർത്തനം തുടരുന്നു.

370 അടി ആഴമുള്ള ഖനിയിൽ പൊങ്ങിയ വെള്ളം വറ്റിച്ചുകളയാനുള്ള ശ്രമങ്ങളാണു തുടരുന്നത്.  ബംഗ്ലദേശ് അതിർത്തിയോടു ചേർന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാസംവിധാനങ്ങളില്ലാത്തതുമാണ്. ‘എലിമടകൾ’ എന്നറിയപ്പെടുന്ന ഇത്തരം ഖനികളിൽ കുട്ടികൾ അടക്കമുള്ള തൊഴിലാളികൾ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുളഏണി വച്ചിറങ്ങിയാണു കൽക്കരി ശേഖരിക്കുക. 

2014 ൽ ഇത്തരം ഖനികളുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്.