Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വിധിയിൽ കോടതി പരാമർശിച്ചത് ഇല്ലാത്ത സിഎജി റിപ്പോർട്ട്

Rafale

ന്യൂഡൽഹി∙ റഫാൽ യുദ്ധ വിമാനങ്ങളുടെ വില കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പരിശോധിച്ചെന്നും അതിന്റെ റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) നൽകിയെന്നും സുപ്രീം കോടതി വിധിയിലുള്ള പരാമർശം പുതിയ വിവാദത്തിനു തുടക്കമിട്ടു. വസ്തുതാ വിരുദ്ധമായ കാര്യം കോടതിക്കു പറ്റിയ തെറ്റാണോ സർക്കാർ തെറ്റിദ്ധരിപ്പിച്ചതാണോ എന്ന ചോദ്യമാണ് ഉയർന്നിട്ടുള്ളത്.

കേസിനു കാരണമായ റഫാൽ ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാകുന്നതേയുള്ളുവെന്ന് സിഎജി വൃത്തങ്ങൾ പറഞ്ഞു. റിപ്പോർട്ട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുൻപ് നൽകാനാണ് ആലോചിക്കുന്നത്.

സാധാരണ ഗതിയിൽ, സിഎജിയുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകും മുൻപ്, സർക്കാരിന് നിലപാടു വ്യക്തമാക്കാൻ അവസരം നൽകാറുണ്ട്. എക്സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയതിപോലും റഫാൽ കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങൾ പറഞ്ഞു. സിഎജി പാർലമെന്റിനാണ് റിപ്പോർട്ട് നൽകുന്നത്. പാർലമെന്റാണ് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്.

എന്നാൽ, സിഎജിയുടെ റിപ്പോർട്ട് പിഎഎസി പരിശോധിച്ചെന്നും, റിപ്പോർട്ടിന്റെ ചെറിയൊരു ഭാഗമാണ് പാർലമെന്റിനു നൽകിയതെന്നുമാണ് വിധിന്യായത്തിൽ പറയുന്നത്. റഫാൽ വിഷയത്തിൽ ഏതെങ്കിലും റിപ്പോർട്ട് ലഭിച്ചതായി പാർലമെന്റ് രേഖകകളില്ല. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പിഎസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

സിഎജി റിപ്പോർട്ട് തയ്യാറായെന്നോ അതു പിഎസിക്കു ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. എന്നാൽ, പല കാര്യങ്ങളും സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറുകയും ചെയ്തു. അതിൽ സിഎജി റിപ്പോർട്ടും പിഎസിയും പരാമർശിച്ചിട്ടുണ്ടാവാമെന്ന സംശയമാണ് ഹർജിക്കാരായ പ്രശാന്ത് ഭൂഷണും അരുൺ ഷൂറിയും മറ്റും ഉന്നയിക്കുന്നത്. ഇല്ലാത്ത റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിധിയെന്നും അവർ ആരോപിക്കുന്നു.

അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് ഡിഫൻസിന്റെ മാതൃസ്ഥാപനമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എന്നതാണ് വിധിയിലെ വസ്തുതാപരമായ മറ്റൊരു പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പത്രവാർത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഈ പരാമർശമെന്നാണ് വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

വിമാനം വാങ്ങൽ പ്രക്രിയയെയും വിലയെയും കുറിച്ച് വായുസേനാ ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ കോടതി ചോദിച്ചറിഞ്ഞെന്നു വിധിയിലുള്ള പരാമർശത്തെയും ഹർജിക്കാർ ചോദ്യം ചെയ്യുന്നു. കോടതിയിൽ അത്തരം കാര്യങ്ങളൊന്നും വായുസേനാ ഉദ്യോഗസ്ഥരോടു ചോദിച്ചില്ലെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. വിധികളിൽ വസ്തുതാപരമായ പിഴവുണ്ടായാൽ അതു തിരുത്താൻ പുനഃപരിശോധനാ ഹർജിയാണ് മാർഗം.