Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാപകൽ ചർച്ചയ്ക്കൊടുവിൽ പാതിരാവിൽ പ്രഖ്യാപനം: മധ്യപ്രദേശിൽ കമൽനാഥ് നയിക്കും

Kamal Nath, Ashok Gehlot കമൽ നാഥ്, അശോക് ഗെലോട്ട്

ന്യൂഡൽഹി∙ ആകാംക്ഷയുടെ രാപകലിനൊടുവിൽ മധ്യപ്രദേശിനു പാതിരാവിൽ മുഖ്യമന്ത്രിയായി. പിസിസി അധ്യക്ഷൻ കമൽനാഥ് ഇനി മധ്യപ്രദേശിനെ നയിക്കും. മാരത്തൺ ചർച്ചയ്ക്കൊടുവിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രിപദം സംബന്ധിച്ച പ്രഖ്യാപനമായില്ല. രാജസ്ഥാനിൽ അശോക് ഗെലോട്ടിനും ഛത്തീസ്ഗഡിൽ ഭൂപേഷ് ഭാഗലിനുമാണു സാധ്യത. 

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി പദത്തിനായി ശക്തമായി വാദിച്ചെങ്കിലും ചർച്ചകൾക്കൊടുവിൽ മുതിർന്ന നേതാവിന് അവസരം നൽകാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു. സിന്ധ്യയെ എഐസിസി ജനറൽ സെക്രട്ടറിയാക്കുമെന്നാണു സൂചന. ഡൽഹി ചർച്ചകൾക്കു ശേഷം ഭോപാലിൽ എ.കെ. ആന്റണിയുടെ സാന്നിധ്യത്തിൽ രാത്രി വൈകി നടന്ന നിയമസഭാകക്ഷിയോഗത്തിലാണു തീരുമാനം അറിയിച്ചത്. 

രാജസ്ഥാനിൽ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും ഗെലോട്ടിനു തന്നെയാണു സാധ്യത. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള താൽക്കാലിക സംവിധാനമാണിതെന്നും അതിനു ശേഷം മുഖ്യമന്ത്രി പദത്തിൽ അഴിച്ചുപണി നടന്നേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. യുവ നേതാക്കളായ സിന്ധ്യയും സച്ചിനുമാണ് ഇരു സംസ്ഥാനങ്ങളിലെയും ഭാവി മുഖ്യമന്ത്രിമാർ എന്ന സന്ദേശം നൽകിയ രാഹുൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്നവരെ പിണക്കാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നു.

രാഹുലിന്റെ വസതിയിൽ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി നിരീക്ഷകരായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവർ സംസ്ഥാന നേതാക്കളുമായി നടത്തിയ ദീർഘ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിലാണ് അന്തിമ തീരുമാനം രൂപപ്പെട്ടത്. രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിനായി ശക്തമായി വാദിച്ച ഗെലോട്ടും സച്ചിനും മധ്യപ്രദേശിൽ അധികാരം പിടിക്കാനിറങ്ങിയ കമൽനാഥും സിന്ധ്യയും ഒറ്റയ്ക്കൊറ്റയ്ക്കും രാഹുലുമായി കൂടിക്കാഴ്ച നടത്തി.

മധ്യപ്രദേശിലെ നിരീക്ഷകൻ ആന്റണിയും രാജസ്ഥാനിൽ നിയോഗിക്കപ്പെട്ട വേണുഗോപാലും അതതു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം രാഹുലിനെ ധരിപ്പിച്ചു. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ പാർട്ടിയുടെ മൊബൈൽ ആപ്ലിക്കേഷനായ ‘ശക്തി’യിലൂടെ പ്രവർത്തകരുടെ അഭിപ്രായവും രാഹുൽ തേടി. എന്നാൽ‍, ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെ സച്ചിൻ അനുകൂലികൾ രാജസ്ഥാനിൽ പലയിടങ്ങളിൽ റോഡ് തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധവുമായി രാത്രി രംഗത്തിറങ്ങി. തുടർന്ന് ഇരുവരുമായും രാഹുൽ വീണ്ടും ബന്ധപ്പെട്ടു. 

ഛത്തീസ്ഗഡിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, മുതിർന്ന നേതാക്കളായ താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവരും രംഗത്തുണ്ടെങ്കിലും പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗലിനാണു മുൻതൂക്കം.