Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ഇന്ന് സോണിയയുടെ മണ്ഡലത്തിൽ; തുടക്കമിടുന്നത് 1,100 കോടിയുടെ പദ്ധതികൾക്ക്

Narendra Modi

ന്യൂഡൽഹി∙ വൻ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു റായ് ബറേലിയിൽ. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണു ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. 1,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾക്കാണു റായ് ബറേലിയിൽ പ്രധാനമന്ത്രി തുടക്കമിടുക. അലഹബാദിലെത്തി കുംഭമേളയുടെ ഒരുക്കങ്ങളും വിലയിരുത്തും.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി കേന്ദ്രീകരിച്ചും കേന്ദ്രസർക്കാർ വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ‘ശംഖനാദ’മായാണു പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്.

ഹിന്ദിമേഖലാ സംസ്ഥാനങ്ങളിൽ ഉന്നതവിജയം നേടുന്നതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളിയുടെ തട്ടകം സന്ദർശിച്ചു കോൺഗ്രസ് മുക്ത കാഹളം മുഴക്കുക എന്നതായിരുന്നു ബിജെപിയുടെ ആദ്യ പദ്ധതി. മൂന്നിടത്തും തോറ്റതോടെ കഥാഗതിയിലുണ്ടായ മാറ്റം പ്രധാനമന്ത്രിയുടെ ശൈലിയിലും പ്രതീക്ഷിക്കാം.

നെഹ്റു കുടുംബത്തിനെതിരെ പ്രചാരണകാലത്തു മോദി നടത്തിയ ചില പരാമർശങ്ങൾ അതിരുവിട്ടെന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ട്. കഴിഞ്ഞ തവണ യുപിയിൽ 80ൽ 71 സീറ്റു നേടിയാണു പാർട്ടി കേന്ദ്രഭരണം ഉറപ്പിച്ചത്. അന്നു റായ് ബറേലിയിലും അമേഠിയിലും (രാഹുൽ ഗാന്ധി) ഒതുങ്ങിപ്പോയ കോൺഗ്രസിനെ അവിടെത്തന്നെ തളച്ചിടുന്നതും യുക്തിസഹമായ രാഷ്ട്രീയതന്ത്രം.

related stories