Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോൾ പ്രതിരോധ ഇടപാടുകളിൽ ‘ക്വത്‌റോക്കി അമ്മാവൻ’ ഇല്ല: മോദി

modi-yogi-at-kumbhmela അലഹാബാദിൽ കുംഭമേള നടക്കുന്ന പ്രദേശം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി ഗവർണർ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പം ആരതിയർപ്പിക്കുന്നു.

റായ്ബറേലി (യുപി) ∙ ഇന്ത്യയുടെ പ്രതിരോധം കരുത്താർജിക്കുന്നതു കാണാൻ ആഗ്രഹിക്കാത്തവരുടെ കൂടെ ചേർന്നു കോൺഗ്രസ് നുണപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ബിജെപി സർക്കാരിന്റെ പ്രതിരോധ ഇടപാടുകളിൽ ‘ക്വത്റോക്കി അമ്മാവനോ’ ‘ക്രിസ്റ്റ്യൻ മിഷേലോ’ ഇല്ലെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ നരേന്ദ്രമോദി പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്തു നടന്ന എല്ലാ പ്രതിരോധ ഇടപാടുകളും അഴിമതി നിറഞ്ഞതാണെന്നു ബൊഫോഴ്സ് ഇടപാടിലെ ഇറ്റലിക്കാരൻ ഇടനിലക്കാരൻ ഒട്ടാവിയോ ക്വത്റോക്കിയെ പരാമർശിച്ചു മോദി പറഞ്ഞു. 50 മിനിറ്റ് പ്രസംഗത്തിൽ 30 മിനിറ്റും റഫാൽ ഇടപാട് സംബന്ധിച്ചാണ് മോദി സംസാരിച്ചത്. ഇതാദ്യമാണ് മോദി റായ്ബറേലി പ്രധാനമന്ത്രി സന്ദർശിക്കുന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രയാസങ്ങൾക്കു കാരണക്കാർ കോൺഗ്രസാണെന്നും മോദി ആരോപിച്ചു. 10 വർഷം അധികാരത്തിലിരുന്നിട്ടും യുപിഎ സർക്കാർ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയില്ലെന്നും താങ്ങുവില ഉൾപ്പെടെ റിപ്പോർട്ടിലെ ഒട്ടേറെ നിർദേശങ്ങൾ നടപ്പാക്കിയതു തന്റെ സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

റായ്ബറേലിയുടെ വികസനത്തിന് 1,100 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചിലതിനു തറക്കല്ലിടുകയും ചെയ്തു. റായ്ബറേലി കോച്ച് ഫാക്ടറിയിൽ നിർമിച്ച ഹംസഫർ കോച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേളയുടെ കൺട്രോൾ റൂം ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. രാജ്യത്തെ നീതിന്യായവ്യവസ്ഥയെ സമ്മർദത്തിലാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായും മോദി ആരോപിച്ചു. ദീർഘകാലം രാജ്യം ഭരിച്ച അവർ നീതിന്യായസംവിധാനത്തെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രയാഗ്‍രാജിൽ പൊതുയോഗത്തിൽ മോദി പറഞ്ഞു.

related stories