Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്ക് നൽകാതെ കോൺഗ്രസ്; 1027 കോടി കൊയ്ത് ബിജെപി

Congress,-BJP-logo

ന്യൂഡൽഹി∙ അവസാന തീയതി അവസാനിച്ചു 48 ദിവസം പിന്നിട്ടിട്ടും പോയവർഷത്തെ വരവുചെലവു സംബന്ധിച്ച സത്യവാങ്മൂലം നൽകാതെ കോൺഗ്രസ്. ഇതുവരെയുള്ള കണക്കിൽ വരവിലും ചെലവിലും ബിജെപിയാണു മുന്നിൽ. 2017–18 വർഷം ബിജെപിക്ക് 1027.339 കോടി രൂപ ലഭിച്ചപ്പോൾ 758.47 കോടി രൂപയാണു ചെലവ്. വരവിലും ചെലവിലും സിപിഎമ്മാണു 2–ാം സ്ഥാനത്ത്. സംഭാവനകളിലൂടെ ആകെ ലഭിച്ച 104.847 കോടി രൂപയിൽ 83.482 കോടി രൂപയും ചെലവായി. 

ആകെ ലഭിച്ച 51.694 കോടി രൂപയിൽ 14.78 കോടി (29%) മാത്രം ചെലവിട്ട മായാവതിയുടെ ബിഎസ്പിയാണു 3–ാം സ്ഥാനത്ത്. വരവിനേക്കാൾ ചെലവുള്ളതു ശരദ് പവാർ അധ്യക്ഷനായ എൻസിപിക്കാണ്. ലഭിച്ചത് 8.15 കോടി, ചെലവ് 8.84 കോടി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 5.167 കോടി രൂപ ലഭിച്ചു. 1.766 കോടി രൂപയാണ് ചെലവ്. സിപിഐക്കു ലഭിച്ച 1.55 കോടി രൂപയിൽ 1.10 കോടി രൂപയും ചെലവായി. 

2016–17 വർഷത്തെ കണക്കുമായുള്ള താരതമ്യത്തിൽ ബിജെപിയുടെ വരവിൽ 6.93 കോടി രൂപയുടെ കുറവുണ്ടെന്നതാണു മറ്റൊരു കൗതുകം. പക്ഷേ, വരവിൽ ഏറ്റവുമധികം ഇടിവു ബിഎസ്പിക്കാണ്. തൊട്ടുമുന്നിലെ വർഷം 173.58 കോടി രൂപ ലഭിച്ചപ്പോൾ ഇക്കുറി 51.694 കോടി ലഭിച്ചു– 121.88 കോടി രൂപയുടെ കുറവ്.  

സംഭാവനകളിലൂടെ 6 ദേശീയ പാർട്ടികൾക്കാകെ ലഭിച്ചതു 1041 കോടി രൂപ. രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന നൽകാനുള്ള കടപ്പത്ര പദ്ധതി (ഇലക്‌ടറൽ ബോണ്ട്) വഴി മാത്രം ബിജെപിക്ക് 210 കോടി രൂപ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിശദാംശങ്ങളുള്ളത്. ഒക്ടോബർ 31നകം സത്യവാങ്മൂലം നൽകണമെന്നായിരുന്നു കമ്മിഷൻ അറിയിച്ചിരുന്നത്.