Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ ഐക്യത്തിലേക്കു ഡബിൾ ബെല്ലടിച്ച് ‘ഗഢ്ബന്ധൻ ട്രാവൽസ്’

Opposition-Travels ഇനി ഫുൾ സ്പീഡിൽ: രാജസ്ഥാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ജയ്പുരിലെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കൻമാർക്കൊപ്പം ബസിൽ യാത്ര ചെയ്തപ്പോൾ. ശരദ് പവാർ, ശരദ് യാദവ്, എം.കെ. സ്റ്റാലിൻ, ഫാറൂഖ് അബ്ദുല്ല, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, സച്ചിൻ പൈലറ്റ്, ടി.ആർ. ബാലു തുടങ്ങിയവരെ കാണാം. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഭരണത്തിലേറിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്കു പ്രതിപക്ഷ നേതാക്കളെയും വഹിച്ചു കോൺഗ്രസിന്റെ ‘ഗഢ്ബന്ധൻ ട്രാവൽസ്!’ സഖ്യത്തെ സൂചിപ്പിക്കുന്ന ഹിന്ദി വാക്കായ ഗഢ്ബന്ധൻ എന്നു പേരിട്ട ബസിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ മൂന്നു സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാ വേദികളിലേക്കെത്തിയത്. ഇതേസമയം, പ്രതിപക്ഷ നിരയിലെ 3 പ്രമുഖരുടെ അസാന്നിധ്യവും ശ്രദ്ധേയമായി – മായാവതി (ബിഎസ്പി), അഖിലേഷ് യാദവ് (എസ്പി), മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്).  പക്ഷേ, പ്രതിനിധികളെ അയച്ചു.

കോൺഗ്രസ് ഒരുക്കിയ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽനിന്നു പറന്ന നേതാക്കൾ വിമാനത്താവളത്തിൽനിന്നു സത്യപ്രതിജ്ഞാ വേദികളിലേക്കെത്താനാണു ബസിൽ കയറിയത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനൊപ്പം മുൻനിരയിൽ രാഹുൽ ഇരുന്നു. തൊട്ടപ്പുറത്ത് ശരദ് പവാറും (എൻസിപി), ശരദ് യാദവും (ലോക്താന്ത്രിക് ജനതാദൾ). എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്) എന്നിവർ രണ്ടാം നിരയിലിരുന്നപ്പോൾ കേരളത്തിൽനിന്നുള്ള പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‍ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവർ മൂന്നാം നിരയിൽ ഒന്നിച്ചിരുന്നു.

ഭരണത്തിലേറിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് ക്ഷണം എസ്പിയും ബിഎസ്പിയും മധ്യപ്രദേശിൽ മാത്രമാണു സ്വീകരിച്ചത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും  ബിഎസ്പി അവസാന നിമിഷം പിൻമാറിയപ്പോൾ, ക്ഷണത്തോട് എസ്പി പ്രതികരിച്ചില്ല. 

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനു പിന്തുണ വാഗ്ദാനം ചെയ്ത ബിഎസ്പിയുടെ എംഎൽഎമാരും സംസ്ഥാന നേതാക്കളും കമൽനാഥിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു. എസ്പിയെ പ്രതിനിധീകരിച്ചു പാർട്ടിയുടെ ഏക എംഎൽഎ രാജേഷ് കുമാർ ചടങ്ങിനെത്തി. 3 സംസ്ഥാനങ്ങളിലേക്കും മമത തന്റെ വിശ്വസ്തനായ ദിനേഷ് ത്രിവേദിയെ അയച്ചു.

ചടങ്ങുകളിൽ മായാവതിയും അഖിലേഷും മമതയും പങ്കെടുക്കാതിരുന്നത് ഐക്യ പ്രതിപക്ഷ നിരയോടുള്ള അവരുടെ അകൽച്ച പ്രകടമാക്കി. ഇതേസമയം, 15ലധികം കക്ഷികൾ ക്ഷണം സ്വീകരിച്ചതു പ്രതിപക്ഷ കൂട്ടായ്മ സജീവമാക്കി നിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് കരുത്തു പകരും. എസ്പി, ബിഎസ്പി, തൃണമൂൽ എന്നിവയുടെ പരിഭവം ശാശ്വതമല്ലെന്നും സംസ്ഥാനതലത്തിൽ സഖ്യങ്ങൾ രൂപീകരിക്കാൻ തുറന്ന മനസ്സോടെ കോൺഗ്രസ് മുൻകയ്യെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

പങ്കെടുത്ത മറ്റു കക്ഷി നേതാക്കൾ

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (ടിഡിപി), തേജസ്വി യാദവ് (ആർജെഡി), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി), ഹേമന്ത് സോറൻ (ജെഎംഎം), ജീതൻ റാം മാഞ്ചി (എച്ച്എഎം), ബാബുലാൽ മറാണ്ടി (ജാർഖണ്ഡ് വികാസ് മോർച്ച), ബദറുദീൻ അജ്മൽ (എഐയുഡിഎഫ്), രാജു ഷെട്ടി (സ്വാഭിമാനി പക്ഷ). ക്ഷണം ലഭിച്ചെങ്കിലും കേരളത്തിലെ തിരക്കുകൾ മൂലം ജോസ് കെ. മാണി (കേരളാ കോൺഗ്രസ് എം) അസൗകര്യം അറിയിച്ചു.

ഡിഎംകെ നേതാക്കളായ കനിമൊഴി, ടി. ആർ ബാലു, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ആഘോഷമായി ചടങ്ങുകൾ

ആദ്യം സത്യപ്രതിജ്ഞ നടന്നത് രാജസ്ഥാനിലാണ്. രാവിലെ 11നാണ് ആൽബർട്ട് ഹാൾ മ്യൂസിയത്തോടു ചേർന്നു പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്.

അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഗവർണർ കല്യാൺ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിനുശേഷം മധ്യപ്രദേശിലേക്കു പുറപ്പെട്ട മറ്റു നേതാക്കൾക്കൊപ്പം ഗെലോട്ടും പൈലറ്റും ചേർന്നു.

ഭോപാലിൽ കമൽനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നേതാക്കൾക്കൊപ്പം സന്യാസിമാരുടെ  നിരയും പങ്കെടുത്തു. കമൽനാഥ് ഹനുമാൻ ഭക്തനാണെന്നു പറയുന്ന ബോ‍ർഡുകളും ചടങ്ങുനടന്ന ലാൽ പരേഡ് മൈതാനത്തു നിരന്നു. ഗവർണർ ആനന്ദിബെൻ പട്ടേലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

കനത്ത മഴയെത്തുടർന്നു തുറന്ന വേദിയിൽ നടത്താനിരുന്ന ഛത്തിസ്ഗഡിലെ ചടങ്ങ്, റായ്പുരിലെ ബൽബീർ ജുനേജ ഇൻഡോർ സ്റ്റേഡിയത്തിലേക്കു മാറ്റിയിരുന്നു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മന്ത്രിമാരായ ടി.എസ് സിങ് ദേവ്, തമ്രദ്വജ് സാഹു എന്നിവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത് ഛത്തിസ്ഗഡിന്റെ കൂടി ചുമതലയുള്ള ഗവർണർ ആനന്ദി ബെൻ പട്ടേലാണ്.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ (രാജസ്ഥാൻ) ശിവ്‍രാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിങ് (ഛത്തിസ്ഗഡ്) എന്നിവർ അതാതു സംസ്ഥാനങ്ങളിൽ ചടങ്ങിനെത്തിയതു ശ്രദ്ധേയമായി. ഭോപാലിൽ വേദിയിലെത്തിയ ചൗഹാൻ കമൽനാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും കൈകൾ പിടിച്ചുയർത്തി അഭിവാദ്യം ചെയ്തതു സദസ്സിൽ വലിയ കയ്യടി നേടി. മൂന്നിടത്തും വൻ ജനാവലി ചടങ്ങുകൾക്കു സാക്ഷികളായി.