Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകമനസ്സ് കീഴടക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ നേരിട്ട് ഇടപെട്ട് രാഹുൽ ഗാന്ധി

Rahul Gandhi

ന്യൂഡൽഹി∙ മധ്യപ്രദേശിൽ അധികാരത്തിലേറിയതിനു പിന്നാലെ കർഷക വായ്പ എഴുതിത്തള്ളിയ സംസ്ഥാന സർക്കാർ ഉത്തരവ് ഉയർത്തിക്കാട്ടി ഹിന്ദി ഹൃദയഭൂമിയിലെ കർഷകരുടെ മനസ്സു കീഴടക്കാൻ കോൺഗ്രസ് നീക്കം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും വരും ദിവസങ്ങളിൽ വായ്പ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചതിലൂടെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകുന്ന സന്ദേശം വ്യക്തം – നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ വോട്ട് ചോരാതിരിക്കാനുള്ള തീരുമാനങ്ങളിലേക്കു കോൺഗ്രസ് കടക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നേരിട്ടു നൽകിയ വാഗ്ദാനം നടപ്പാക്കാൻ മുഖ്യമന്ത്രിമാർക്കു രാഹുൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വാക്കു പറഞ്ഞാൽ നടപ്പാക്കുന്ന പാർട്ടിയാണു കോൺഗ്രസ് എന്ന സന്ദേശം വോട്ടർമാർക്കു നൽകാൻ ഇതിലും മികച്ച അവസരമില്ലെന്നാണു രാഹുലിന്റെ നിലപാട്.

വായ്പ എഴുതിത്തള്ളുക എന്ന വാഗ്ദാനം പൊതു തിരഞ്ഞെടുപ്പിലും പാർട്ടിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നാവും. നോട്ട് നിരോധനം മൂലം കർഷകർക്കിടയിൽ കേന്ദ്ര സർക്കാരിനെതിരെ രൂപം കൊണ്ട വികാരം പരമാവധി മുതലാക്കാനുള്ള രാഷ്ട്രീയ തന്ത്രമാകും  കോൺഗ്രസ് പയറ്റുക. തിരഞ്ഞെടുപ്പിനു മുന്നോടിയായി കർഷകരുമായി നേരിട്ടു സംവദിച്ച് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ പ്രകടനപത്രികയിൽ കോൺഗ്രസ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു 100 ദിവസം മുൻപ് പ്രകടനപത്രിക പുറത്തിറക്കലാണു പാർട്ടിയുടെ ലക്ഷ്യം.