Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ കൈപിടിച്ച് ഡിഎംകെ; കയ്യടിക്കാതെ നായിഡു

opposition-union തോളോടു തോൾചേർന്ന്: അന്തരിച്ച ഡിഎംകെ തലവൻ എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിനിടെ ചെന്നൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബ‌ു നായിഡു എന്നിവർ. ചിത്രം: പിടിഐ

ചെന്നൈ ∙ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ച ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ നീക്കം പ്രതിപക്ഷ സഖ്യത്തിന്റെ നേതൃപദവിയിലേക്കുള്ള മൽസരത്തിൽ കോൺഗ്രസിനു മുതൽക്കൂട്ടാകും.

എന്നാൽ, കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുത്ത മറ്റു പാർട്ടികളൊന്നും സ്റ്റാലിന്റെ ആഹ്വാനം ഏറ്റടുത്തില്ലെന്നതു ശ്രദ്ധേയം. സദസ്സിനെ ഇളക്കി മറിച്ച പ്രഖ്യാപനത്തിന്, ഐക്യശ്രമങ്ങളുടെ സൂത്രധാരൻ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും കയ്യടിച്ചില്ല. തമിഴ്നാട്ടിൽ ഡിഎംകെയുമായി സഹകരിക്കുന്ന പാർട്ടികളിൽ വിസികെ മാത്രമാണു പ്രഖ്യാപനത്തെ വരവേറ്റത്. ഇടതുപക്ഷത്തു നിന്നു പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഐക്യത്തെക്കുറിച്ച് മിണ്ടിയില്ല. പറഞ്ഞത് കരുണാനിധിയുടെ സംഭാവനകൾ മാത്രം.

വേദിയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടതും സ്റ്റാലിനാണ്. മോദി ഇനിയും അധികാരത്തിലെത്തിയാൽ രാജ്യം 50 വർഷം പിന്നാക്കം പോകുമെന്നായിരുന്നു കുറ്റപ്പെടുത്തൽ. കോൺഗ്രസ്– ഡിഎംകെ ബന്ധത്തിന്റെ നാൾവഴി എണ്ണിപ്പറഞ്ഞാണു രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചത്. എൺപതുകളിൽ ഇന്ദിര ഗാന്ധിയെയും 2004-ൽ സോണിയ ഗാന്ധിയെയും കരുണാനിധി പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചതും ചൂണ്ടിക്കാട്ടി.

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിക്കുന്ന ആദ്യത്തെ പ്രമുഖ പ്രാദേശിക പാർട്ടിയാണു ഡിഎംകെ. നേരത്തെ പിന്തുണ അറിയിക്കാതിരുന്ന പാർട്ടി, അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിലാണു നയം മാറ്റിയതെന്നാണു നിഗമനം.