Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല: രാഹുൽ

rahul-gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം ഉറപ്പു വരുത്താൻ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോർത്തു കോൺഗ്രസ് നീങ്ങും. മോദി ഇതു നടപ്പാക്കുന്നില്ലെങ്കിൽ 2019ൽ അധികാരത്തിലേറ്റിയാൽ തങ്ങൾ കടങ്ങൾ എഴുതിത്തള്ളുമെന്നും പാർലമെന്റിനു പുറത്തു മാധ്യമപ്രവർത്തകരോടു രാഹുൽ പറഞ്ഞു. ഭരണത്തിലേറി 10 ദിവസത്തിനകം കടം എഴുതിത്തള്ളുമെന്നു പറഞ്ഞ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 6 മണിക്കൂറിനകം തന്നെ അതു നടപ്പിലാക്കി. മൂന്നാമത്തെ സംസ്ഥാനത്തും (രാജസ്ഥാൻ) ഉടൻ നടപ്പാക്കും.

അനിൽ അംബാനി അടക്കം 15 വൻകിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപ കടം എഴുതിത്തള്ളിയ മോദി സർക്കാർ നാലര വർഷത്തിനിടെ കർഷകർക്കായി ചില്ലിക്കാശ് ചെലവഴിച്ചില്ല. വൻകിട വ്യവസായികൾ ഒരു വശത്ത്, സാധാരണക്കാരും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ മറുവശത്ത് എന്നതാണു സ്ഥിതിയെന്നും കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിലൂടെ മോദി രാജ്യത്തെ കൊള്ളയടിച്ചു. ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണത്.

ഈ രാജ്യം കർഷകരുടേതാണ്. രാജ്യത്തിന്റെ വിശപ്പടക്കാൻ അധ്വാനിക്കുന്ന കർഷകരുടെ ശബ്ദമായി കോൺഗ്രസ് നിലകൊള്ളും. റഫാൽ വിഷയത്തിൽ കോടതിയിൽ സമർപ്പിച്ച രേഖയിൽ അക്ഷരപ്പിശകുണ്ടെന്ന കേന്ദ്ര സർക്കാർ വാദത്തിൽ അദ്ഭുതപ്പെടേണ്ട. കൂടുതൽ അക്ഷരപ്പിശകുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.

related stories