Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ ആഘോഷമായി സത്യപ്രതിജ്ഞ; മധ്യപ്രദേശിൽ കാർഷിക കടം എഴുതിത്തള്ളി

Vasundhara Raje greets Jyotiraditya Scindia ഇരുവഴികളിലെങ്കിലും...: ജയ്പൂരിൽ രാജസ്ഥാനിലെ പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്ഥാനമൊഴിഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയുടെ സ്നേഹമുത്തം. വസുന്ധരയുടെ സഹോദരൻ അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണു ജ്യോതിരാദിത്യ. മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട ജ്യോതിരാദിത്യ ഒടുവിൽ കമൽനാഥിനായി വഴിമാറുകയായിരുന്നു. ചിത്രം: പിടിഐ

ജയ്പുർ /ഭോപാൽ /റായ്പുർ ∙ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ അധികാരമേറ്റു. തൊട്ടുപിന്നാലെ, മധ്യപ്രദേശിൽ 2 ലക്ഷം രൂപയിൽ താഴെയുള്ള കാർഷിക വായ്പ എഴുതിത്തള്ളിക്കൊണ്ടുള്ള ഉത്തരവിറക്കി തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുകയും ചെയ്തു. മറ്റു രണ്ടു സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചു.

രാജസ്ഥാനിൽ അശോക് ഗെലോട്ട്, മധ്യപ്രദേശിൽ കമൽനാഥ്, ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ എന്നിവരുടെ സത്യപ്രതിജ്ഞാച്ചടങ്ങുകൾ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനം കൂടിയായി. രാഹുൽ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനുമൊപ്പം ഒരു ഡസനിലേറെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ മൂന്നിടങ്ങളിലുമായി ചടങ്ങുകൾക്കെത്തി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഭോപാലിൽ എത്തി. സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അധ്യക്ഷ മായാവതി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ) എന്നിവർ എത്തിയില്ലെങ്കിലും പാർട്ടി പ്രതിനിധികൾ എത്തി.  

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ടി.എസ് സിങ് ദേവ്, തമ്രദ്വജ് സാഹു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.