Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ് വർഷം പാക്ക് ജയിലിൽ; അൻസാരി തിരിച്ചെത്തി

hamid-nihal-ansari-released-from-pak-jail സ്നേഹരാജ്യത്തു തിരികെ: ഹാമിദ് നിഹാൽ അൻസാരിയെ വാഗാ അതിർത്തിയിൽ സ്വീകരിക്കുന്ന മാതാവ് ഫൗസിയ അൻസാരി. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ 6 വർഷം തടവിലായിരുന്ന ഇന്ത്യക്കാരൻ ഹാമിദ് നിഹാൽ അൻസാരി (33) ഇന്നലെ മാതൃരാജ്യത്തു തിരിച്ചെത്തി. വാഗാ അതിർത്തിയിൽ അൻസാരിയെ സ്വീകരിക്കാൻ മാതാപിതാക്കളടക്കം കുടുംബാംഗങ്ങളും എത്തിയിരുന്നു. വികാരനിർഭരമായിരുന്നു കുടുംബവുമായുള്ള പുനഃസമാഗമം.  ഇന്നലെ രാവിലെ പെഷാവർ സെൻട്രൽ ജയിലിൽനിന്നു മോചിതനായ അൻസാരിയെ അതീവ സുരക്ഷയിൽ ലഹോറിലെത്തിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു വാഗാ അതിർത്തിയിൽ ഇന്ത്യയ്ക്കു കൈമാറിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിലേക്കു പോയ മുംബൈ സ്വദേശിയും സോഫ്‌റ്റ്‌വെയർ എൻജിനീയറുമായ അൻസാരി 2012 നവംബറിലാണ് അറസ്റ്റിലായത്.  2015 ഡിസംബറിൽ ചാരക്കുറ്റം ചുമത്തി പാക്ക് സൈനിക കോടതി 3 വർഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ 15 നാണു ശിക്ഷ പൂർത്തിയായത്.  ശിക്ഷാ കാലാവധി പൂർത്തിയായാലുടൻ അൻസാരിയെ നാട്ടിലേക്കു മടക്കി അയയ്ക്കണമെന്നു പെഷാവർ ഹൈക്കോടതി കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയത്തോടു നിർദേശിച്ചിരുന്നു.
അൻസാരിയുടെ മോചനത്തിനായി മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ സംഘവും വാഗാ അതിർത്തിയിലെത്തിയിരുന്നു.

2012 ൽ കാണാതായെങ്കിലും 2015 ൽ മാത്രമാണു അൻസാരി തടവിലുള്ള വിവരം പാക്കിസ്ഥാൻ സ്ഥിരീകരിച്ചത്. ജയിലിലുള്ള അൻസാരിയെ നേരിൽ കാണുന്നതിന് ഇന്ത്യൻ അധികൃതർ നൽകിയ എല്ലാ അപേക്ഷകളും നിരസിക്കപ്പെട്ടു. ഒടുവിൽ കഴിഞ്ഞ വർഷം നവംബറിൽ മാതാവ് ഫൗസിയയുമായി അൽപനേരം ഫോണിൽ സംസാരിക്കാൻ അനുവദിച്ചു. 2015 ൽ സൈനികക്കോടതി 3 വർഷം ശിക്ഷിക്കുമ്പോൾ അൻസാരി അത്രയും വർഷം തടവു പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതു കോടതി പരിഗണിച്ചില്ല.