Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ മാഡം മഹതി’; അൻസാരിയുടെ അമ്മയും സുഷമ സ്വരാജുമായി വൈകാരിക കൂടിക്കാഴ്ച

sushma-swaraj-fouzia-ansari കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ആലിംഗനം ചെയ്യുന്ന ഫൗസിയ. പാക്ക് ജയിലിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ ഫൗസിയയുടെ മകൻ അൻസാരി സമീപം. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ മകനെ പാക്ക് ജയിലിൽ നിന്നു മോചിപ്പിക്കാൻ മുൻകൈയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഫൗസിയ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു: ‘എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി.’

6 വർഷം പാക്ക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്‌റ്റ്‌വെയർ എൻജിനീയർ ഹമീദ് നിഹാൽ അൻസാരി (33)യാണ് ഉമ്മ ഫൗസിയയ്ക്കും കുടുംബാംഗങ്ങൾക്കുമൊത്ത് സുഷമയെ കണ്ട് നന്ദി പറയാനെത്തിയത്. മാതൃസ്നേഹത്തോടെ ഹമീദിനെ സുഷമ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയും മാതൃരാജ്യത്തേയ്ക്ക് വീണ്ടും സ്വാഗതം ചെയ്യുകയും ചെയ്തു. ‘ഞങ്ങൾക്കിത് ആനന്ദത്തിന്റെ പുതിയ പ്രഭാതം’ എന്ന് ഹമീദിന്റെ പിതാവ് അൻസാരി സന്തോഷം പ്രകടിപ്പിച്ചു. 

ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ 2012 ൽ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചു പാക്ക് പട്ടാളക്കോടതി 2015 ൽ 3 വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.

ജയിൽവാസം ഡിസംബർ 15ന് അവസാനിച്ചെങ്കിലും നിയമപരമായ രേഖകളില്ലാത്തതിനാൽ മോചനം വൈകി. സുഷമയുടെ നിർദേശത്തെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഇതിനായി 96 തവണ പാക്ക് സർക്കാരുമായി ബന്ധപ്പെടേണ്ടി വന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.