Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടർ നിരീക്ഷണം: സർക്കാർ നിലപാട് തെറ്റെന്ന് നിയമവിദഗ്ധർ

security-computer-monitoring-control-room

ന്യൂഡൽഹി∙  നിലവിലെ വ്യവസ്ഥയനുസരിച്ചുള്ളതാണ് കംപ്യൂട്ടറിലെ വിവരങ്ങൾ നിരീക്ഷിക്കാനും മറ്റും രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളെ നിയോഗിച്ചുള്ള ആഭ്യന്തര മന്ത്രാലയ ഉത്തരവെന്ന സർക്കാർ വാദം തെറ്റെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. വ്യക്തിവിവരങ്ങൾ സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നതിന് ആധാർ വിധിയിലൂടെ സുപ്രീം കോടതി ഏർപ്പെടുത്തിയ കർശന നിയന്ത്രണം ലംഘിക്കപ്പെടുന്നുവെന്നും വിലയിരുത്തലുണ്ട്.

2009ലെ ചട്ടമനുസരിച്ചാണ് നടപടിയെങ്കിൽ, ഇതുവരെ ആ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഏജൻസികളെ ചുമതലപ്പെടുത്തിയുള്ള ഉത്തരവുണ്ടായിട്ടില്ലെന്നതു പരിഗണിക്കണമെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ആപാർ ഗുപ്ത പറഞ്ഞു. ഇപ്പോഴാണ്, ഏജൻസികളെ ചുമതലപ്പെടുത്തിയത് എന്നതിൽനിന്നു വ്യക്തമാകുന്നത് ചട്ടത്തിലെ വ്യവസ്ഥകൾ ഇതുവരെ നടപ്പാക്കിയിരുന്നില്ലെന്നാണ്. കംപ്യൂട്ടറുകളിൽ കടന്നുകയറാൻ അനുവദിച്ചാൽ വൈറസ് ആക്രമണമുൾപ്പെടെ സാധ്യമാക്കാനും വിവരങ്ങൾ ചോർത്താനും രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികൾക്കു സാധിക്കും. 

ദേശീയ സുരക്ഷയെക്കരുതി ആധാർ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കും മറ്റും കൈമാറുന്നതിന് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനു തീരുമാനിക്കാമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ജഡ്ജിയെന്നാണ് സുപ്രീം കോടതി വിധിച്ചത്. അതു കണക്കിലെടുക്കാതെയാണ് സർക്കാർ നടപടി.

വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സംരക്ഷണങ്ങളുടെ പരിധി ഉയർത്തിയുള്ളതായിരുന്നു  സ്വകാര്യത മൗലിവകാശമെന്നു വ്യക്തമാക്കി 9അംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധി. ഇപ്പോൾ സർക്കാർ ഉദ്ധരിക്കുന്നത് 2009ലെ ചട്ടങ്ങളാണെങ്കിൽ, നിലവിലെ കോടതിവിധികളുടെ അടിസ്ഥാനത്തിൽ ആ ചട്ടങ്ങൾ നിലനിൽക്കുമോയെന്നു സർക്കാർ നിയമോപദേശം തേടണമായിരുന്നുവെന്നും അതുണ്ടായില്ലെന്നാണ് വ്യക്തകമാകുന്നതെന്നും ആപാർ ഗുപ്ത പറഞ്ഞു. 

related stories