Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരീക്ഷണം: എൻഡിഎയും കോൺഗ്രസും ‘വെട്ടിൽ’

Security concept: Lock on digital screen

ന്യൂഡൽഹി ∙ എ.ബി. വാജ്പേയി സർക്കാരിന്റെ കാലത്ത്, 2000ൽ പാസാക്കിയ വിവര സാങ്കേതികവിദ്യാ (ഐടി) നിയമത്തിൽ ഉണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇറക്കിയ ‘നിരീക്ഷണ’ ഉത്തരവിന് അടിസ്ഥാനമായ വ്യവസ്ഥ. യുപിഎ സർക്കാരിന്റെ കാലത്ത്, 2009ൽ ഐടി നിയമം ഭേദഗതി ചെയ്തപ്പോൾ വ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും കാതലായ ഭാഗം നിലനിർത്തി.

ചുരുക്കത്തിൽ, കംപ്യൂട്ടറുകളിലെ വിവരങ്ങൾ നിരീക്ഷിക്കാനും ശേഖരിക്കാനും വേണമെങ്കിൽ വിവരങ്ങളിൽ തിരിമറി നടത്താനും സാഹചര്യമൊരുക്കുന്ന വ്യവസ്ഥ ഐടി നിയമത്തിൽ നിലനിൽക്കുന്നുവെന്നത് ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ വെട്ടിലാക്കുന്നു. ഇന്നലത്തെ ഉത്തരവിനെ ന്യായീകരിക്കുമ്പോൾ സർക്കാർ ഉദ്ധരിക്കുന്നത് വാജ്പേയി സർക്കാരിന്റെ കാലത്തു പാസാക്കിയ നിയമമല്ല, 2009ൽ യുപിഎ സർക്കാർ പാസാക്കിയ ചട്ടങ്ങൾ മാത്രമാണ് എന്നതാണു ശ്രദ്ധേയം.

2009ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ, കംപ്യൂട്ടറുകൾക്കു മേൽ കൈവയ്ക്കാൻ അവകാശമുള്ള ഏജൻസികൾ ഏതെന്നു വ്യക്തമാക്കുക മാത്രമാണു ചെയ്തതെന്നാണ് രാജ്യസഭയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി ആഭ്യന്തര മന്ത്രാലയ ഉത്തരവിനെ ന്യായീകരിച്ചത്. 

ദേശീയ സുരക്ഷ പരിഗണിച്ചുള്ളതാണ് കംപ്യൂട്ടറുകൾ നിരീക്ഷിക്കാനും മറ്റുമുള്ള വ്യവസ്ഥയെന്ന് ജയ്റ്റ്ലി വാദിച്ചപ്പോൾ, ദേശീയ സുരക്ഷയുടെ കാര്യം ഇന്നലത്തെ ഉത്തരവിൽ പറഞ്ഞിട്ടില്ലെന്നും ബിജെപിയുടെ ഉടമസ്ഥതയിലാണ് ദേശീയ സുരക്ഷയെന്ന മട്ടാണെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തിരിച്ചടിച്ചു.

 രഹസ്യാന്വേഷണ ഏജൻസികൾക്ക് അനിയന്ത്രിത അധികാരം നൽകുമ്പോൾ ഇന്ത്യ പൊലീസ് രാഷ്ട്രീയമായി മാറുമെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ ആരോപിച്ചു. കോൺഗ്രസിനൊപ്പം സിപിഐയും ആം ആദ്മി പാർട്ടിയും രാജ്യസഭയിൽ പ്രതിഷേധിച്ചു. ഉത്തരവിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും വിമർശിച്ചു. മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവു പിൻവലിക്കണമെന്ന് ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഫോൺ ചോർത്തൽ, സ്വകാര്യത, ആധാർ എന്നിവയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ വിധികളുടെ അന്തഃസത്തയ്ക്കു നിരക്കാത്തതും ഭരണഘടനാ ലംഘനവുമെന്നാണ് ഉത്തരവിനെ സിപിഎം വിശേഷിപ്പിച്ചത്.

∙ 2000ത്തിലെ നിയമത്തിൽ പറയുന്നത്: സർക്കാർ നിയോഗിക്കുന്ന കൺട്രോളർക്ക്, കംപ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള ഏജൻസികളെ ചുമതലപ്പെടുത്താം.

∙ 2009 ലെ ഭേദഗതി: കൺട്രോളർക്കു പകരം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നേരിട്ട് അധികാരം നിക്ഷിപ്തമാക്കി.

നടപടിക്രമങ്ങൾ പാലിക്കണം

ഫോൺ ചോർത്തലിനുള്ളതു പോലെ, കംപ്യൂട്ടറുകളിൽ ശേഖരിക്കുന്നതും അവയിലൂടെ കൈമാറുന്നതുമായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും പിടിച്ചെടുക്കുന്നതിനും രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികൾക്ക് നടപടിക്രമം നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിലാണെങ്കിൽ, ചുമതലപ്പെട്ട ഏജൻസി, ഓരോ തവണയും അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ആഭ്യന്തര സെക്രട്ടറിയാണ് അനുമതി നൽകേണ്ടത്. സംസ്ഥാനത്ത്, 2009 ലെ ചട്ടമനുസരിച്ച്, നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥനാണ് അനുമതി നൽകേണ്ടത്. നടപടി സംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയും തലപ്പത്തുള്ള സമിതി അവലോകനം ചെയ്യും.

related stories