Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇമ്രാൻ ഖാൻ സ്വന്തം രാജ്യം നോക്കിയാൽ മതി’: പാക്ക് പ്രധാനമന്ത്രിക്ക് നസീറുദ്ദീൻ ഷായുടെ മറുപടി

Imran Khan, Naseerudhin Shah ഇമ്രാൻ ഖാൻ, നസീറുദ്ദീൻ ഷാ.

ന്യൂഡൽഹി∙ സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനോട് പ്രമുഖ നടൻ നസീറുദ്ദീൻ ഷാ. 70 വർഷമായി ജനാധിപത്യപ്രക്രിയയിലൂടെ മുന്നോട്ടു പോകുന്ന ഇന്ത്യയ്ക്കു സ്വന്തം കാര്യം നോക്കാനറിയാമെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് താൻ മോദി സർക്കാരിനു കാണിച്ചു കൊടുക്കാമെന്നായിരുന്നു ഇമ്രാന്റെ അവകാശവാദം.

‘ഇന്ത്യയിൽ പോലും ന്യൂനപക്ഷങ്ങൾക്കു തുല്യത ഇല്ലെന്ന് ചിലർ പറയുന്നു. പുതിയ പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതായിരിക്കും’– യുപിയിലെ ആൾക്കൂട്ട അതിക്രമം സംബന്ധിച്ചു നസീറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾ പരാമർശിച്ച് ലഹോറിലെ പ്രസംഗത്തിൽ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ഷാ നൽകിയത്.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെയും ആൾക്കൂട്ടക്കൊലപാതകങ്ങളെയും ഷാ വിമർശിച്ചിരുന്നു. പൊലീസുകാരൻ കൊല്ലപ്പെടുന്നതിനേക്കാൾ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തുമെന്ന് അഭിമുഖത്തിൽ പറഞ്ഞതാണു വിവാദമായത്.

അതേ സമയം അസഹിഷ്ണുത വളരുന്നതായുള്ള ആരോപണം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തള്ളിക്കളഞ്ഞു. ലോകത്ത് മറ്റൊരു രാജ്യവും ഇന്ത്യയോളം സഹിഷ്ണുത പുലർത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.

related stories