Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ; പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കും

929731224

ന്യൂഡൽഹി ∙ വ്യാജ വിവരങ്ങൾ തടയുന്നതിനായും ദേശീയ സുരക്ഷ മുൻനിർത്തിയും സമൂഹ മാധ്യമങ്ങൾക്കുള്ള പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

നിലവിലെ മാർഗരേഖ പരിഷ്കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തി.

കിംവദന്തി പ്രചരിപ്പിച്ച് ആൾക്കൂട്ടക്കൊലയ്ക്കും അപകീർത്തിപ്പെടുത്തലിനും മറ്റും വഴിവയ്ക്കുന്നതു തടയണമെന്നു സുപ്രീം കോടതി നിർദേശിച്ചതും മാർഗരേഖ ഭേദഗതി ചെയ്യുന്നതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനാണു ശ്രമമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നും വിമർശനം ഉയർന്നു.
സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തേ തയാറാക്കിയ പദ്ധതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നു പിൻവലിച്ചിരുന്നു.

ഭേദഗതികൾ

സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാൻ വാട്സാപ് പോലുള്ള മാധ്യമങ്ങളെ ബാധ്യസ്ഥരാക്കുന്നതാണ് കരട് മാർഗരേഖ. 2011 ഏപ്രിൽ 11ന് പുറത്തിറക്കിയ മാർഗരേഖയിലാണ് കാതലായ മാറ്റങ്ങൾ വരുത്തുന്നത്.

∙ 50 ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നതോ, സർക്കാർ നിർദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങൾ ഇന്ത്യയിൽ കമ്പനിയായി റജിസ്റ്റർ ചെയ്യണം.
∙ സർക്കാരുമായി ഇടപെടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥ സംവിധാനം വേണം.
∙ രാജ്യസുരക്ഷ, സൈബർ സുരക്ഷ വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം.
∙ പ്രവർത്തന വ്യവസ്ഥകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കണം.
∙ നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാൻ കോടതിയുടെയോ സർക്കാരിന്റെയോ നിർദേശമുണ്ടായാൽ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകൾ 180 ദിവസം സൂക്ഷിക്കണം.
∙ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്നതോ ആയ വിവരങ്ങൾ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

related stories