Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗഗൻയാൻ: കേന്ദ്ര അംഗീകാരം, 9023 കോടി വകയിരുത്തി

ISRO-GSLV-Mark-III-rocket

ന്യൂഡൽഹി∙ ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 3 വ്യോമചാരികളെ ഒരാഴ്ചത്തേയ്ക്കു ബഹിരാകാശത്തയയ്‌ക്കുന്നതിനു 9,023 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വകയിരുത്തി.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിനു മുൻപ് ഇന്ത്യക്കാരെ ബഹി‌രാകാശത്തെത്തിക്കാനാണു ശ്രമം. ആളില്ലാത്ത 2 പരീക്ഷണ വിക്ഷേപണങ്ങൾക്കു ശേഷമായിരിക്കും സഞ്ചാരികൾ ഉൾ‌പ്പെട്ട വിക്ഷേപണമെന്നു ‌‌മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 40 മാസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കാമെന്നാണു പ്രതീക്ഷ.

ബഹിരാകാശ സഞ്ചാരികളെ കണ്ടെത്തി അവർക്കു 3 വർഷത്തോളം പരിശീലനം നൽകേണ്ടതുണ്ട്. ആർക്കും അപേക്ഷിക്കാമെങ്കിലും പൈലറ്റുമാർക്കാണു മുൻഗണന. 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏർത്ത് ഓർബിറ്റി’ലാണു വാഹനമെത്തിക്കുക. പേടകം തിരിച്ചിറക്കുന്നതു കടലിൽ. ജിഎസ്എൽവി മാർക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

ശാസ്ത്ര, സാങ്കേതിക മേഖലകളിൽ പുത്തൻ ഉണർവിനും ഗവേഷണ മുന്നേറ്റത്തിനും ഗഗൻയാൻ വഴിവയ്ക്കുമെന്നാണു പ്രതീക്ഷ. കൃഷി, വൈദ്യശാസ്ത്രം, വ്യവസായ സുരക്ഷ, മലിനീകരണ നിയന്ത്രണം, മൈക്രോ ഗ്രാവിറ്റി തുടങ്ങി ഒട്ടേറെ മേഖലകളിലെ പരീക്ഷണങ്ങൾക്കും തുടർ ദൗത്യങ്ങൾ അവസരമൊരുക്കും.

related stories