Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്സോ നിയമത്തിൽ ഭേദഗതി; ബാലപീഡനത്തിന് തൂക്കുകയർ

child-abuse-rape-sexual-assault

ന്യൂഡൽഹി∙ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) നിയമം കർക്കശമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തു കുട്ടികൾക്കെതിരെ അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നിയമത്തിലെ 7 വ്യവസ്ഥകളാണു ഭേദഗതി ചെയ്യുക. ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കാണ് വധശിക്ഷ. 

പോക്സോ നിയമം 2012 ലാണു പാസാക്കിയത്. 18 വയസ്സിൽ താഴെയുള്ളവരുടെ ശാരീരിക, മാനസിക, ബൗദ്ധിക വളർച്ച ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അക്രമങ്ങളുണ്ടാകുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണു വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നതെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 

പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമുണ്ടാകുമ്പോൾ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതും, ലൈംഗികചൂഷണം ലക്ഷ്യമിട്ട്  ഹോർമോൺ നൽകി കുട്ടികളെ പെട്ടെന്നു മുതിർന്നവ‌രാക്കുന്നതും തടയാനും പുതിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നു.   

കുട്ടികളുടെ അശ്ലീലചിത്ര, ദൃശ്യ പ്രചാരണം തടവും പിഴയും ഉൾപ്പെടെ കർശന ശിക്ഷയ്ക്കു കാരണമാകും. 

ഇവ സൂക്ഷിക്കുന്നതും നശിപ്പിക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടാലുടൻ അധികൃതരെ അറിയിക്കാതിരിക്കുന്നതും കു‌റ്റകരമാവും. വാണിജ്യ ‌ലക്ഷ്യത്തോടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനും കർക്കശ ശിക്ഷയാണു നിർദേശിക്കുന്നത്. 

പ്രതിപക്ഷവുമായി ധാരണയിലെത്തിയാൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ ഭേദഗതി പാസാക്കാം. അതല്ലെങ്കിൽ ജനുവരി അവസാന വാരം തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിലാവും ബിൽ പരിഗണനയ്ക്കു വരിക.