അഗസ്റ്റ: ബിജെപി നേതാവിന്റെ സഹായം കിട്ടിയെന്ന് ക്രിസ്ത്യൻ മിഷേൽ

Christian-Michel-Agusta-Westland
SHARE

ന്യൂഡൽഹി ∙ വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ അഴിമതിയാരോപണം നേരിടുന്ന അഗസ്റ്റ വെസ്റ്റ്ലാൻഡിനെ ഇന്ത്യയിൽ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ബിജെപിയുടെ പ്രമുഖ നേതാവ് സഹായിച്ചെന്ന് കസ്റ്റഡിയിലുള്ള ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ വെളിപ്പെടുത്തൽ. നിലവിൽ രാജ്യസഭാംഗമായ മുൻ കേന്ദ്ര മന്ത്രിയുടെ പേരാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിൽ മിഷേൽ പുറത്തുവിട്ടതെന്നാണു സൂചന.

ബിജെപിക്ക് തിരിച്ചടി

∙ അഗസ്റ്റ വിഷയത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും പ്രതിക്കൂട്ടിൽ നിർ‍ത്താനാണ് ബിജെപി ശ്രമിച്ചിരുന്നത്. എന്നാൽ, മിഷേലിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ ബിജെപിക്കു തിരിച്ചടിയായി. അഗസ്റ്റയെ കരിമ്പട്ടികയിൽ പെടുത്താൻ 2ാം യുപിഎ സർക്കാരിന്റെ കാലത്തു തുടങ്ങിയ നടപടി പൂർത്തിയായത് മോദി സർക്കാരിന്റെ കാലത്താണ്. 

എന്നാൽ, ഏതാനും മാസത്തിനുശേഷം കമ്പനി കരിമ്പട്ടികയിൽ നിന്ന് ഒഴിവായി. അതിനു ബിജെപി നേതാവ് സഹായിച്ചെന്ന് ഇഡിയുടെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മിഷേൽ വെളിപ്പെടുത്തിയത്. തന്റെയും പിതാവിന്റെയും സുഹൃത്തുക്കളായ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലും ഈ ബിജെപി നേതാവിന്റെ പേര് പരാമർശിച്ചതായി സൂചനയുണ്ട്. നേരത്തെ സിബിഐയുടെ ചോദ്യം ചെയ്യലിൽ മിഷേൽ ഈ നേതാവിന്റെ പേര് പരാമർശിച്ചെങ്കിലും അവരത് രേഖപ്പെടുത്താൻ തയ്യാറായില്ലത്രെ.

കസ്റ്റഡി നീട്ടി, വിവരങ്ങളില്ലാതെ ഇഡി

ഇതിനിടെ, മിഷേലിനെ അടുത്ത മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാർ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി മിഷേലിനെ ഏതാനും ദിവസംകൂടി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.

അഗസ്റ്റ ഇടപാടിലെ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, കഴിഞ്ഞ 15 ദിവസം മിഷേലിനെ കസ്റ്റഡിയിൽ വച്ച ഇഡിക്ക് അയാളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലും സംഘടിപ്പിക്കാനായിട്ടില്ലെന്ന് അഭിഭാഷകരായ ആൽജോ കെ. ജോസഫ്, എം.എസ്.വിഷ്ണുശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ വാദിച്ചു. കേസ് അടുത്ത അടുത്ത മാസം 26നു പരിഗണിക്കാൻ മാറ്റി. ഉടനെ ജാമ്യാപേക്ഷ നൽകുമെന്ന് മിഷേലിന്റെ അഭിഭാഷകർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA