പ്രധാനമന്ത്രി: നിതീഷും യോഗ്യനെന്ന് ജെഡിയു; മമതയ്ക്ക് ബിജെപി നേതാവിന്റെ ആശംസ

Nitish-Kumar
SHARE

ന്യൂഡൽഹി∙ പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്ര മോദിയുടേതല്ലാത്ത പേരുകളുമായി ബിജെപി നേതാവും എൻഡിഎ സഖ്യകക്ഷിയും രംഗത്ത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നീ പേരുകളാണ് ഇന്നലെ ഉയർന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണിത്. മമത ബാനർജി പ്രധാനമന്ത്രിയാകട്ടെ എന്നാശംസിച്ചത് ബിജെപി ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തന്നെയാണ്.

മമതയുടെ 65–ാം ജന്മദിനമായ ഇന്നലെ ഘോഷ് ആശംസ നേർന്നതിങ്ങനെ: ‘ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാൻ സാധ്യത മമതയ്ക്കാണ്. ജ്യോതി ബസുവിനോ കഴിഞ്ഞില്ല, മമതയ്ക്കു കഴിയും.’ എന്നാൽ 2019ൽ നരേന്ദ്ര മോദി തന്നെയായിരിക്കും രാജ്യത്തെ നയിക്കുകയെന്നും ഘോഷ് പറഞ്ഞെങ്കിലും മമതയ്ക്കുള്ള ആശംസ വിവാദമായി. ഇതോടെ, ഘോഷ് മലക്കം മറിഞ്ഞു – പറഞ്ഞത് വെറും തമാശയെന്ന് വിശദീകരിച്ചു തടിയൂരി.

ഇതിനിടെ, ബിജെപിയും തൃണമൂലും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണിതെന്ന വിമർശനവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. ബിജെപി കേന്ദ്രത്തിൽ വീണ്ടും ഭരണത്തിലെത്തില്ലെന്നു സ്വയം സമ്മതിക്കുകയാണു ഘോഷ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി ജെഡിയു നേതാവ് രാജീവ് രഞ്ജൻ ആണു രംഗത്തെത്തിയത്. മോദിയാണ് എൻഡിഎയുടെ മുഖമെങ്കിലും ഇക്കാര്യത്തിൽ  ചർച്ച വന്നാൽ നിതീഷിന്റെ പേരും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA