റഫാൽ ഇടപാട്: ലോക്സഭയിൽ പോർവിളിയുമായി ഇരുപക്ഷവും

modi-rafale-rahul
SHARE

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച രാഷ്ട്രീയപ്പോരിൽ സ്വരം കടുപ്പിച്ചു കേന്ദ്ര സർക്കാരും കോൺഗ്രസും. അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ലോക്സഭയിൽ പാർട്ടിയുടെ ഡപ്യൂട്ടി ചീഫ് വിപ്പ് കെ.സി. വേണുഗോപാൽ എന്നിവർ കോൺഗ്രസ് പക്ഷത്തും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, നിയമ മന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ കേന്ദ്ര സർക്കാരിനു വേണ്ടിയും രംഗത്തിറങ്ങിയതോടെ ഭരണ – പ്രതിപക്ഷ പോര് മൂർച്ഛിച്ചു.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് കടക്കെണിയിലാണെന്നും ജീവനക്കാർക്കു ശമ്പളം നൽകാൻ പോലും പണമില്ലെന്നും ആരോപിച്ചു രംഗത്തിറങ്ങിയ രാഹുൽ ഗാന്ധി, പ്രതിരോധ മന്ത്രിയെ കടന്നാക്രമിച്ചു. 1000 കോടി രൂപ കടമെടുക്കാൻ ഒരുങ്ങുകയാണ് എച്ച്എഎൽ. റഫാൽ കരാർ തട്ടിയെടുത്ത അനിൽ അംബാനി എച്ച്എഎല്ലിലെ മികച്ച ഉദ്യോഗസ്ഥരെയും വലയിലാക്കാനുള്ള ശ്രമത്തിലാണ്. നരേന്ദ്ര മോദിയുടെ വക്താവിനെ പോലെ പെരുമാറുന്ന നിർമല, പാർലമെന്റിൽ നുണ പറഞ്ഞെന്നും രാഹുൽ കുറ്റപ്പെടുത്തി.

എച്ച്എഎല്ലിനു ലഭ്യമാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സഭയിൽ സമർപ്പിക്കാനുള്ള രാഹുലിന്റെ വെല്ലുവിളി ഏറ്റെടുത്ത് അവ ഹാജരാക്കിയ നിർമല, താൻ കള്ളം പറഞ്ഞിട്ടില്ലെന്നു തിരിച്ചടിച്ചു. 26,570 കോടി രൂപയുടെ പദ്ധതികൾ ഇതുവരെ ലഭ്യമാക്കി. 73,000 കോടിയുടേത് വൈകാതെ നൽകും; ആകെ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു– നിർമല വ്യക്തമാക്കി.

തെറ്റായ കണക്കുകൾ അവതരിപ്പിച്ചു നിർമല സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാട്ടി കെ.സി. വേണുഗോപാൽ അവകാശ ലംഘനത്തിനു നോട്ടിസ് നൽകി. ഒരു ലക്ഷം കോടിയുടെ പദ്ധതികൾ നൽകിയെന്നു നിർമല അവകാശപ്പെട്ടെങ്കിലും ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്നാണ് എച്ച്എഎൽ പറയുന്നതെന്നു കുറ്റപ്പെടുത്തി.

കോൺഗ്രസിനെ നേരിടാൻ മറ്റൊരു യുദ്ധവിമാനമായ യൂറോഫൈറ്ററിന്റെ പേരുയർത്തി ബിജെപി രംഗത്തിറങ്ങി. യുപിഎ സർക്കാരിന്റെ കാലത്ത് യുദ്ധവിമാനം വാങ്ങാനുള്ള ചർച്ചകൾ നടക്കവേ, റഫാലിനു പുറമെ യൂറോഫൈറ്ററും പരിഗണനയിലുണ്ടായിരുന്നുവെന്നും അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കേസിലെ ഇടനിലക്കാരൻ യൂറോഫൈറ്ററിനായി സജീവമായി ഇടപെട്ടിരുന്നുവെന്നും നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

ചട്ടങ്ങൾ നിരത്തി ആന്റണി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിനു ബലം നൽകി പ്രതിരോധ ചട്ടങ്ങൾ നിരത്തി എ.കെ. ആന്റണി.

എത്ര യുദ്ധവിമാനങ്ങൾ വാങ്ങണമെന്നു നിശ്ചയിക്കാനുള്ള അധികാരം ഡിഫൻസ് അക്വിസിഷൻ കൗൺസിലിനു (ഡിഎസി) മാത്രമാണ്. 126 വിമാനങ്ങൾ വേണമെന്ന് 2007ൽ കൗൺസിലാണ് തീരുമാനിച്ചത്. അനുമതിയില്ലാതെ എണ്ണം 36 ആയി മോദി കുറച്ചു. ഓഫ്സെറ്റ് പങ്കാളിക്കു പ്രതിരോധ നിർമാണ മേഖലയിൽ പരിചയസമ്പത്തുണ്ടാവണമെന്നു പ്രതിരോധ ചട്ടങ്ങളിൽ (ഡിപിപി) പറയുന്നു. അനിൽ അംബാനിയുടെ കാര്യത്തിൽ മോദി അത് അവഗണിച്ചു.

യുപിഎ അധികാരമൊഴിയുമ്പോൾ 17,671 കോടി രൂപ എച്ച്എഎല്ലിന്റെ ഖജനാവിൽ ബാക്കിയുണ്ടായിരുന്നു. ഇപ്പോൾ 1000 കോടി രൂപ കടമെടുക്കേണ്ട ഗതികേടിലാണ് – ആന്റണി ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA