മേഘാലയയിൽ വീണ്ടും ഖനി ദുരന്തം: 2 പേർ മരിച്ചു

Meghalaya-Rathole
SHARE

ഷില്ലോങ് ∙ വെള്ളം നിറഞ്ഞ ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യം ഇപ്പോഴും അനിശ്ചിതമായി തുടരവേ, മേഘാലയയിൽ മറ്റൊരു ഖനി ദുരന്തം കൂടി.

കിഴക്കൻ മേഘാലയയിലെ ഈസ്റ്റ് ജയ്ൻതിയ ഹിൽസ് ജില്ലയിലെ മറ്റൊരു അനധികൃത ഖനിയിൽ കുടങ്ങിയ 2 പേരുടെ മൃതദേഹങ്ങൾ ഇന്നലെ പുറത്തെടുത്തു. ഒരാളുടെ മൃതദേഹം ഖനിയുടെ പ്രവേശനകവാടത്തിൽ നിന്നും മറ്റൊന്ന് ഉള്ളിൽ നിന്നുമാണു കിട്ടിയത്. ഖനനം നടത്തുന്നതിനിടെ പാറക്കല്ലുകൾ വീണതാണെന്നാണ് സൂചന.

ഇതേസമയം, 15 തൊഴിലാളികൾ 25 ദിവസമായി കുടുങ്ങിക്കിടക്കുന്ന സായ്പുങ്ങിലെ ഖനിയിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. ഖനിയിലെ വെള്ളം പമ്പു ചെയ്തു കളയാനെത്തിച്ച വലിയ മോട്ടോറുകൾക്കു ഞായറാഴ്ച കേടുപറ്റിയതാണ് കാരണം. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ സ്ഥലത്തുണ്ടെങ്കിലും അവർക്ക് ഖനിക്കുള്ളിലേക്കു പോകാൻ കഴിഞ്ഞില്ല.

കിർലോസ്കർ കമ്പനിയുടെ വൻ ശേഷിയുള്ള 3 പമ്പുകളാണ് ശനിയാഴ്ച സ്ഥലത്തെത്തിച്ചത്. ഇതിൽ രണ്ടെണ്ണത്തിനാണു തകരാറുണ്ടായത്. ഒപ്പം, കോൾ ഇന്ത്യയുടെ ഒരു പമ്പിനും തകരാറുണ്ടായി. ഇതോടെ വെള്ളം വറ്റിക്കുന്നതു മുടങ്ങി. ഖനിയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. വെള്ളം നീങ്ങാതെ നാവികസേനാംഗങ്ങൾക്ക് ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.

ഈ അനധികൃത ഖനിയുടെ ഉടമയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാൾ ഒളിവിലായിരുന്നു. തൊഴിലാളികളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസ് 11 ലേക്കു മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA