കേന്ദ്രം പറഞ്ഞ കാരണമെല്ലാം കോടതി തള്ളി; ആലോക് വർമയെ നീക്കിയത് അധികാര ദുർവിനിയോഗം

Alok-Verma
SHARE

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് ആലോക് വർമയെ നിയമം പാലിക്കാതെ നീക്കിയതിനു കേന്ദ്ര സർക്കാർ പറഞ്ഞ കാരണങ്ങളെല്ലാം തള്ളിക്കളഞ്ഞുള്ളതാണ് സുപ്രീം കോടതി വിധി. പ്രധാനമന്ത്രിയുടെ കീഴിലുള്ള പഴ്സനേൽ വകുപ്പു മാത്രമല്ല, സ്വതന്ത്ര സംവിധാനമായ കേന്ദ്ര വിജിലൻസ് കമ്മിഷനും അധികാര ദുർവിനിയോഗം നടത്തിയെന്ന വിലയിരുത്തലാണ് കോടതിക്കുള്ളത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

സിബിഐ ഡയറക്ടറും സ്പെഷൽ ഡയറക്ടറും പരസ്പരം ആരോപണങ്ങളുന്നയിക്കുന്നതിലേക്കും അവരുടെ നടപടികൾ പ്രധാന കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തിയിരുന്നു. പ്രശ്നം പരിഹരിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ സർക്കാർ വേണ്ട സമയത്ത് ഇടപെട്ടില്ലെന്ന് കോടതി നേരത്തെ വാക്കാൽ വിമർശിച്ചിരുന്നു. ഡയറക്ടറെ മാറ്റാൻ നടപടിയെടുത്തത് അടിയന്തര സാഹചര്യത്തിലെന്ന സർക്കാരിന്റെ ന്യായീകരണം കോടതി അംഗീകരിച്ചതുമില്ല.

ആലോക് വർമയുടെ ഹർജി കോടതി പരിഗണിച്ചപ്പോൾ സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടപെടലുകളെക്കുറിച്ചു പോലും ആരോപണമുയർന്നു. ആലോക് തന്നെയാണ് ഡയറക്ടറെന്നും തൽക്കാലം ചുമതലകൾ മറ്റൊരാളെ എൽപിക്കുക മാത്രമാണു ചെയ്തതെന്നുമാണ് സർക്കാർ വാദിച്ചത്. എന്നാൽ, ചുമതലകളിൽ നിന്നു മാറ്റുന്നത് സ്ഥലം മാറ്റുന്നതിനു തുല്യമെന്ന വർമയുടെ വാദം കോടതി അംഗീകരിച്ചു.

ഉന്നത സമിതി എന്ത് തീരുമാനിക്കും?

സിബിഐ ഡയറക്ടർ വിവാദത്തിൽ ഉന്നത സമിതിയുടെ അധികാരം സർക്കാർ പ്രയോഗിച്ചു എന്നാണു സുപ്രീം കോടതി കണ്ടെത്തിയത്. ഉത്തരവുകൾ കോടതി റദ്ദാക്കിയ സ്ഥിതിക്ക്, ഇനി ഉന്നത സമിതിയുടെ ഇടപെടലുണ്ടാവണമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആലോക് വർമ ഡയറക്ടർ സ്ഥാനത്തു തുടരണമോ വേണ്ടയോ എന്ന കാര്യം സമിതിക്കു തീരുമാനിക്കാം. ഇതോടെ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയുടെ നിലപാട് നിർണായകമായി.

ആലോകിന് അധികാരം പരിമിതം

സമിതിയുടെ തീരുമാനം വരുന്നതുവരെ നയപരമായ തീരുമാനങ്ങളെടുക്കുന്നതിനാണ് വർമയ്ക്കു വിലക്കുള്ളത്. ഇക്കാലത്ത്, സിബിഐ ഡയറക്ടറുടേതായ പതിവു നടപടികൾക്കു മാത്രമാണ് അനുമതിയുള്ളത്. സ്ഥാപനത്തെയോ നയങ്ങളെയോ ബാധിക്കുന്ന പ്രധാന തീരുമാനങ്ങളും പറ്റില്ല. ഫലത്തിൽ, ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന എം. നാഗേശ്വര റാവുവിന് ഉണ്ടായിരുന്ന പ്രവർത്തന സ്വാതന്ത്ര്യം പോലും വർമയ്ക്കു നൽകിയിട്ടില്ല. 

വർമയെ മാറ്റിയതിനു പിന്നാലെ സിബിഐയിൽ ചില പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അക്കാര്യങ്ങളിലും ബെഞ്ച് തീർപ്പുകൽപിച്ചില്ല.

തുടരാൻ തയാറാകുമോ ആലോക്?

കോടതി വിധിയിൽ വർമയ്ക്ക് ധാർമിക വിജയം അവകാശപ്പെടാം. എന്നാൽ, വർമയെ മാറ്റിയതു ചോദ്യം ചെയ്ത കോമൺ കോസ് സംഘടനയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ വിധിയെ ഭാഗിക വിജയമെന്നേ വിശേഷിപ്പിക്കുന്നുള്ളൂ. 

അതുകൊണ്ടാണ് വീണ്ടും സ്ഥാനമേൽക്കാൻ വർമ തയാറാകുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് അടുപ്പമുള്ളവർ തന്നെ സംശയിക്കുന്നത്.

നിർണായകമായത് വിനീത് നാരായൺ കേസിലെ മാ‍ർഗരേഖ

ന്യൂഡൽഹി∙ ആലോക് വർമ കേസിൽ നിർണായകമായതു വിനീത് നാരായൺ കേസിലെ സുപ്രീം കോടതി മാർഗരേഖ. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിൽ 3 പതിറ്റാണ്ടായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണു വിനീത് നാരായൺ.

തൊണ്ണൂറുകളിലെ ജയിൻ ഹവാല അഴിമതിക്കേസിൽ അദ്ദേഹം നൽകിയ പൊതുതാൽപര്യ ഹർജിയാണു സിബിഐയുടെ പ്രവർത്തനശൈലി അടിമുടി മാറ്റിയത്. അഴിമതിക്കേസുകളിൽ സിബിഐ പ്രോസിക്യൂഷൻ വളരെ ദുർബലമായ കാലമായിരുന്നു അത്. 

വിനീത് നാരായണിന്റെ ഇടപെടലിനെത്തുടർന്ന് സുപ്രീം കോടതി 1997 ൽ സിബിഐയുടെ പ്രവർത്തനങ്ങൾക്കു മാർഗരേഖ നിശ്ചയിച്ചു. ഡയറക്ടർക്കു കുറഞ്ഞതു 2 വർഷം കാലാവധി നിശ്ചയിച്ചു. ഏജൻസിക്കു മേൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മേൽനോട്ടം വന്നു. അതിനുശേഷം ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയ്, മൻമോഹൻസിങ് സർക്കാരുകളുടെ കാലത്തായി 8 സിബിഐ മേധാവികൾ രണ്ടോ അതിലധികമോ വർഷം സ്ഥാനം വഹിച്ചു. ആലോക് വർമയുടെ കാര്യത്തിൽ മാത്രമാണു കോടതിയുടെ നിർദേശം ലംഘിക്കപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA