ഡികെയെ ലക്ഷ്യമിടുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ്; പ്രതിപക്ഷത്തെ പ്രബലരെ കുടുക്കുന്നു

DK-Shivakumar-2
SHARE

ന്യൂഡൽഹി∙ കർണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നീക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചു കോൺഗ്രസ്. ഖനന അഴിമതി കേസിൽ യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം സിബിഐ തീരുമാനിച്ചിരുന്നു.  ഇതിനു പിന്നാലെ, ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള നീക്കം പ്രതിപക്ഷ നിരയിലെ പ്രബല നേതാക്കളെ ഒന്നടങ്കം വെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഇതു സംബന്ധിച്ച് മറ്റു പാർട്ടികളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും. മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രചാരണത്തിൽ ഇക്കാര്യവും വിഷയമാക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. 

കർണാടകയിൽ കോൺഗ്രസിനെ പിടിച്ചുനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ശിവകുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കുള്ള പാർട്ടി തന്ത്രജ്ഞൻ അഹമ്മദ് പട്ടേലിന്റെ വിജയത്തിലും അണിയറ നീക്കങ്ങളുടെ അമരക്കാരനായിരുന്നു. 

അഖിലേഷിനെ ചോദ്യം ചെയ്യാനുള്ള നീക്കം സർക്കാരിന്റെ ഏകാധിപത്യ നടപടിയാണെന്നു കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. അഖിലേഷിനെ ഫോണിൽ വിളിച്ച ബിഎസ്പി നേതാവ് മായാവതി പൂർണ പിന്തുണ അറിയിച്ചു. അതിനിടെ, മായാവതിക്കു നേരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വൈകാതെ വന്നേക്കുമെന്ന് സൂചനയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA