അണിയറ നീക്കങ്ങളിൽ പാർട്ടികൾ; പോര് മുറുകി തിരഞ്ഞെടുപ്പ് ഗോദ

Election
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്. യുപിയിലെ പ്രതിപക്ഷ സഖ്യത്തിൽ 6 സീറ്റുകൾ വേണമെന്ന ആവശ്യവുമായി ആർഎൽഡി. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തിയുള്ള മഹാസഖ്യത്തിനു രൂപം നൽകാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ. അണിയറ നീക്കങ്ങളിലേക്കും കണക്കുകൂട്ടലുകളിലേക്കും രാഷ്ട്രീയ കക്ഷികൾ കടന്നതോടെ, തിരഞ്ഞെടുപ്പ് ഗോദയിൽ പോര് മുറുകി.

ബിജെപി, കോൺഗ്രസ് എന്നിവയിൽ നിന്ന് സമദൂരം പാലിക്കുമെന്നു വ്യക്തമാക്കിയ പട്നായിക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ നിരയിൽ താനുണ്ടാവില്ലെന്ന് അടിവരയിട്ടു പറഞ്ഞു.

 തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി കഴിഞ്ഞ മാസം പട്നായിക് ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജെപി – കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണി സജീവമാകുമെന്നാണു സൂചന.

ഇതിനിടെ, യുപിയിൽ എസ്പി, ബിഎസ്പി എന്നിവയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ 6 സീറ്റുകൾ നൽകണമെന്ന് ആർഎൽഡി ആവശ്യപ്പെട്ടു. ഭാഗ്പത്, മഥുര, മുസഫർനഗർ, ഹാത്രസ്, അമ്റോഹ, കയ്റാന സീറ്റുകളാണ് അജിത് സിങ്ങിന്റെ പാർട്ടി ലക്ഷ്യമിടുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവുമായി ആർഎൽഡി ഉപാധ്യക്ഷൻ ജയന്ത് ചൗധരി കൂടിക്കാഴ്ച നടത്തി. മായാവതിയുമായി (ബിഎസ്പി) കൂടിയാലോചിച്ച ശേഷം ഈ മാസം 15നു സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇതേസമയം, ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ യുപിയിൽ തങ്ങളെ ഒഴിവാക്കി സീറ്റുകൾ പങ്കിട്ടെടുക്കാനുള്ള എസ്പി, ബിഎസ്പി, ആൽഎൽഡി നീക്കത്തെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന കോൺഗ്രസ് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്നു യോഗം ചേരും. പിസിസി അധ്യക്ഷൻമാരും എഐസിസി ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകൾ പരിശോധിക്കും. സംസ്ഥാന അടിസ്ഥാനത്തിൽ സഖ്യങ്ങൾ രൂപീകരിക്കുക എന്നതാണു പാർട്ടി നയം.

80 സീറ്റുള്ള യുപിയിൽ കോൺഗ്രസിനു രണ്ടെണ്ണം (അമേഠി, റായ്ബറേലി) മാത്രം നൽകാമെന്ന് എസ്പിയും ബിഎസ്പിയും കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽ, സംസ്ഥാനത്തു സ്വീകരിക്കേണ്ട രാഷ്ട്രീയ നയം യോഗം ചർച്ച ചെയ്യും.

ഒറ്റയ്ക്കു മൽസരിച്ചു കരുത്തു തെളിയിക്കണമെന്നു സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA