മോദിയെ ഇനി ആർക്കും രക്ഷിക്കാനാവില്ല: രാഹുൽ

Rahul-Gandhi
SHARE

ന്യൂഡൽഹി∙ റഫാൽ അന്വേഷണത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കും രക്ഷിക്കാനാവില്ലെന്നും ഇടപാടിനു പിന്നിലെ യാഥാർഥ്യങ്ങൾ രാജ്യം മനസ്സിലാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ, ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനു മോദി സർക്കാർ 20,000 കോടി രൂപ അന്യായമായി കൈമാറിയെന്ന് രാഹുൽ ആരോപിച്ചു. 

ഒരു യുദ്ധവിമാനം പോലും ലഭ്യമാക്കുന്നതിനു മുൻപ് ഡാസോയ്ക്കു സർക്കാർ 20,000 കോടി നൽകി. എന്നാൽ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് (എച്ച്എഎൽ) നൽകാനുള്ള 15,700 കോടിയിൽ ഒരു രൂപ പോലും കൈമാറിയില്ല. ഇതു മൂലം 1000 കോടി രൂപ കടമെടുക്കേണ്ട ഗതികേടിലാണ് എച്ച്എഎൽ. സ്ഥാപനത്തെ തകർത്ത ശേഷം അത് അനിൽ അംബാനിക്കു സമ്മാനിക്കുകയാണു സർക്കാർ ലക്ഷ്യം. 

റഫാൽ ഇടപാടിൽ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ആലോക് വർമയെ സിബിഐ ഡയറക്ടർ പദവിയിൽ നിന്നു നീക്കിയത്. അദ്ദേഹത്തെ തിരിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ മോദിക്ക് സാധിക്കില്ല. 

30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാർ അനിൽ അംബാനിക്കു നൽകാൻ മോദി നേരിട്ടു മുൻകയ്യെടുത്തു. ജനങ്ങളുടെ പോക്കറ്റിൽ നിന്നാണ് ഈ തുക എടുത്തത്. ഇടപാടിനെക്കുറിച്ചുള്ള സത്യം രാജ്യം തിരിച്ചറിയും. 

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നുണ പറയുകയാണ്. പ്രതിരോധ ചട്ടങ്ങൾ മോദി മറികടന്നപ്പോൾ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നോ എന്ന ചോദ്യത്തിനു മന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA