sections
MORE

പുറത്താക്കിയതു തെറ്റി; പിന്നെ ‘ശരിയാക്കി’; ഒടുവിൽ ‘നിയമപരമായി’ ആലോക് വർമ പുറത്തേക്ക്

Alok Verma
SHARE

ന്യൂഡൽഹി ∙ ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയ രീതി നിയമപരമായി തെറ്റെന്നാണ് സുപ്രീം കോടതി കഴിഞ്ഞ 8 ന് വിധിച്ചത്. ഇപ്പോൾ, ‘നിയമപരമായി ശരിയായ രീതിയിൽ’ തന്നെ വർമയെ പുറത്താക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. അതിനാണ് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി ചേർന്ന്, 2– 1 ഭൂരിപക്ഷത്തിൽ തീരുമാനമെടുത്തത്. 3 അംഗ സമിതിയിലെ ഭൂരിപക്ഷ തീരുമാനത്തിനു സർക്കാർ വൃത്തങ്ങൾ നൽകിയ ന്യായീകരണമിതാണ്:

ആരോപണങ്ങൾ അന്വേഷിക്കുകയല്ല സമിതിയുടെ ജോലി, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, വർമ തുടരണമോ വേണ്ടയോ എന്നു തീരുമാനമെടുക്കുക മാത്രമാണ്. തനിക്കു പറയാനുള്ള കാര്യങ്ങൾ വർമ കേന്ദ്ര വിജിലിൻസ് കമ്മിഷനിൽ (സിവിസി) പറഞ്ഞതാണ്. അതിന്റെ റിപ്പോർട്ട് സമിതിക്കു മുന്നിലുണ്ട്. കൈക്കൂലി വാങ്ങിയെന്നു തന്നെയാണ് സിവിസിയുടെ കണ്ടെത്തൽ. പുറത്താക്കാനുള്ള തീരുമാനം സ്വാഭാവികമായും കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആയുധമാക്കും. ഉന്നതാധികാര സമിതിയിൽ മല്ലികാർജുൻ ഖർഗെ നൽകിയ വിശദമായ കുറിപ്പും സമിതിയുടെ തീരുമാനത്തിനുശേഷം അദ്ദേഹം നടത്തിയ പരാമർശവും അതിന്റെ സൂചനയാണ്.

നേരത്തെ നിശ്ചയിച്ച അജൻഡ പ്രകാരമുള്ളതാണു തീരുമാനമെന്നാണ് ഖർഗെയുടെ ആരോപണം. അത് ഉന്നയിച്ചിരിക്കുന്നത് പ്രധാനമന്ത്രിക്കും സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ എ.കെ.സിക്രിക്കുമെതിരെയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായാണ് സിക്രി സമിതിയിലെത്തിയത്. സുപ്രീം കോടതിയിൽ വർമ നൽകിയ കേസിൽ ഖർഗെയും ഇടപെടൽ ഹർജിക്കാരനായിരുന്നു എന്നതും ശ്രദ്ധേയമാണ്. സിബിഐയുടെ തലപ്പത്ത് വർമയും സെപ്ഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിൽ ശീതസമരമുണ്ടായപ്പോൾ കോൺഗ്രസ് വർമയുടെ പക്ഷത്തു നിന്നു.

മോദിസർക്കാരിനെ വെട്ടിലാക്കാൻ കെൽപുള്ള കേസുകളിൽ നടപടിയെടുക്കാൻ താൽപര്യപ്പെടുന്നതിനാൽ വർമയെ ഒതുക്കാൻ അവർ മുന്നിട്ടിറങ്ങിയെന്നാണു പാർട്ടി വിലയിരുത്തിയത്. 2 പ്രധാന വിഷയങ്ങളിലാണ് – റഫാൽ അഴിമതിയെക്കുറിച്ചുള്ള പരാതി, മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ – കോൺഗ്രസ് നടപടി പ്രതീക്ഷിച്ചതും സർക്കാർ തടസ്സതന്ത്രങ്ങൾ പ്രയോഗിച്ചതും.

വർമയ്ക്കെതിരെയുള്ള മുഖ്യ ആരോപണങ്ങൾ

കാബിനറ്റ് സെക്രട്ടറി കേന്ദ്ര വിജിലൻസ് കമ്മിഷനു (സിവിസി) കൈമാറിയ പരാതിയിൽ ആലോക് വർമയ്ക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ ഇവയായിരുന്നു:

∙ മൊയീൻ ഖുറേഷിയുടെ കേസിൽ‍ തുടർ നടപടികൾ ഒഴിവാക്കാൻ സതീഷ് ബാബു സനയിൽനിന്ന് 2 കോടി രൂപ കൈക്കൂലി വാങ്ങി

∙ ഐആർസിടിസിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നിന്ന് രാകേഷ് സക്സേനയെന്നയാളെ ഒഴിവാക്കാൻ വർമ ശ്രമിച്ചു. ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനുള്ള അനുമതി വൈകിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INDIA
SHOW MORE
FROM ONMANORAMA