സിബിഐ ഡയറക്ടറെ മാറ്റിയ ചരിത്രം മുൻപും; 1997 ൽ ഗുജ്റാൾ, 1998 ൽ വാജ്‌പേയ് എന്നിവർ മാറ്റി

SHARE

ന്യൂഡൽഹി ∙ സിബിഐ ഡയറക്ടറെ കാലാവധി തീരും മുൻപേ മാറ്റുന്നത് ആദ്യമായല്ല. 1997 വരെ കേന്ദ്രസർക്കാരിനു തന്നെ സിബിഐ ഡയറക്ടറെ മാറ്റാൻ പൂർണാധികാരം ഉണ്ടായിരുന്നു. വിനീത് നാരായണനും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ 1997 ലെ സുപ്രീം കോടതി വിധിയിലാണു ഡയറക്ടറെ മാറ്റണമെങ്കിൽ മൂന്നംഗ ഉന്നതതല സമിതി തീരുമാനിക്കണമെന്ന് ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എസ്.പി. ബറൂച്ച, എസ്.സി. സെൻ എന്നിവരുടേതായിരുന്നു ഉത്തരവ്.

സിബിഐ ഡയറക്ടർമാരെ കാലാവധി കഴിഞ്ഞ് ഒരു വട്ടം കൂടി തുടരാൻ അനുവദിച്ച ചരിത്രവുമുണ്ട്. 1971 മുതൽ 76 വരെ ഡി. സെൻ തുടർന്നത് അങ്ങനെയാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു കാലാവധി നീട്ടിക്കൊടുത്തത്. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ അന്വേഷിച്ച ഷാ കമ്മിഷൻ സെന്നിന്റെ പല നടപടികളെയും നിശിതമായി വിമർശിച്ചിരുന്നു. സിബിഐ ഡയറക്ടർമാരുടെ അധികാരത്തിൽ സുപ്രീം കോടതി ഇടപെട്ട ചരിത്രവുമുണ്ട്. 2 ജി കേസ് അന്വേഷണം നടക്കവേ അന്നത്തെ സിബിഐ ഡയറക്ടർ ര‍‍ഞ്ജിത് സിൻഹയിൽ നിന്ന് അന്വേഷണം കോടതി എടുത്തു മാറ്റി.

ജോഗീന്ദർ സിങ് (1997)

എച്ച്.ഡി. ദേവെഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണു ജോഗീന്ദർ സിങ്ങിനെ സിബിഎ ഡയറക്ടർ സ്ഥാനത്തു നിയമിച്ചത്. കാലിത്തീറ്റ കുംഭകോണകേസിൽ ലാലു പ്രസാദ് യാദവിനെതിരെയുള്ള അന്വേഷണം മന്ദഗതിയിലാക്കാൻ പ്രധാനമന്ത്രി െഎ.കെ. ഗുജ്‌റാൾ ആവശ്യപ്പെട്ടു. എന്നാൽ സിങ് വഴങ്ങിയില്ല. 1997 ജൂൺ 30നു ജോഗീന്ദറിനെ മാറ്റി.

ത്രിനാഥ് സിങ്‌‌ (1998)

1998 ൽ ആദ്യത്തെ ബിജെപി സർക്കാരിന്റെ കാലത്താണ് സിബിഐ ഡയറക്ടറായിരുന്ന ത്രിനാഥ് മിശ്രയെ മാറ്റിയത്. എ.ബി. വാജ്പേയിയായിരുന്നു പ്രധാനമന്ത്രി. റിലയൻസ് വ്യവസായ ശൃംഖലയുടെ ഉടമ ധീരുഭായ് അബാനിയുടെ ഓഫിസുകളും വീടും റെയ്ഡ് ചെയ്തതാണു മിശ്രയുടെ കസേര തെറിപ്പിച്ചത്. ഒൗദ്യോഗിക രഹസ്യ നിയമ പ്രകാരം സ്വകാര്യ വ്യക്തികൾ കൈവശം വയ്ക്കാൻ പാടില്ലാത്ത ചില ഫയലുകൾ അംബാനിക്കു ലഭിച്ചു എന്നറിഞ്ഞായിരുന്നു റെയ്ഡ്. അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്വാനിയും റെയ്ഡിന് എതിരായിരുന്നു. ഒരാഴ്ചയ്ക്കകം ത്രിനാഥ് മിശ്രയെ മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA